ഏട് മാസിക . 2009 december

രചനകള്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com

10/5/09

ഒരു അവശിഷ്ട നക്സലൈറ്റുമായി അഭിമുഖം

- ടീയെന്‍ ജോയ്
.....................................................
ചോദ്യം:
വിമോചനസമരം എന്തായിരുന്നു?
ഉത്തരം:
57 ലെ വിമോചന സമരത്തില്‍ ആരും കൊല്ലപ്പെടരുതായിരുന്നു.വിമോചനസമരം എന്ന വാക്ക് പത്രലോകം നല്‍കി പിന്നീട് സമരക്കാര്‍ സ്വീകരിക്കുകയായിരുന്നെന്ന് എം. എ. ജോണ്‍ അടുത്തയിടെ പറയുന്നത് കേട്ടു.
48 ലെ ത്യാഗങ്ങള്‍ക്ക് ശേഷം കേരളത്തില്‍ മാത്രം അധികാരത്തില്‍ വന്ന ( തെരഞ്ഞെടുപ്പിലൂടെ ) ഇ.എം.എസ് മന്ത്രിസഭയുടെ കീഴില്‍ അടിച്ചമര്‍ത്തപ്പെടുമെന്ന പേടിയുള്ളവര്‍ ഉണ്ടായിരുന്നു. സാധാരണക്കാര്‍ എന്ന് പൊതുവെ പറയുന്നവര്‍ക്കുവേണ്ടി കൊണ്ടുവന്ന നിയമങ്ങള്‍ മാത്രമാണ് ആദ്യം ഈ പേടിയെ ഉല്‍പാദിപ്പിച്ചത്. പിന്നീട് സധാരണക്കാരിലെ ക്രിസ്ത്യന്‍ വിഭാഗത്തെയും നായന്‍മാരെയും സംഘടിപ്പിച്ചാണ് 'വിമോചനം' ഏതാണ്ട് ജനകീയമാക്കിയത്‌. മന്ത്രിസഭ പിരിച്ചുവിട്ടില്ലെങ്കില്‍ ഈ സമരം പരാജയപ്പെടുമായിരുന്നു എന്നാണ് എന്‍റെ വിശ്വാസം. സമവായത്തിന്‍റെയും ജനകീയ പ്രതിരോധത്തിന്‍റെയും ചേരുവകളില്‍ ഒരു പക്ഷെ പരിഹാരം വരെ ഉണ്ടാകുമായിരുന്നു.
നെഹ്‌റു ഇടതുപക്ഷ സുഹൃത്തുക്കളോട് ചോദിച്ചത് ഇന്നും അര്‍ത്ഥവത്താണ്. '' ഇത്രപെട്ടെന്നു ഒറ്റപെടാന്‍ നിങ്ങള്‍ എന്ത് തന്ത്രമാണ് പ്രയോഗിച്ചത്?''
മറ്റൊരു കാര്യം ഇന്ത്യയിലെ കമ്യൂണിസ്റ്റ്കാര്‍ക്ക് സായുധമായ ത്യാഗങ്ങളുടെ കാലത്ത് - സ്റ്റാലിന്‍ 'സ്റ്റാലിനിസ'മായിരുന്നില്ല - വിപ്ലവം വിജയിച്ച രാജ്യത്തെ മെഡലുകള്‍ അണിഞ്ഞ ''അപരാജിതനോട്'' ചേര്‍ത്തുവെച്ചാണ് ഇവടത്തെ ഒറ്റപ്പെടലുകളെ അവര്‍ സഹിച്ചത്.
തെരെഞ്ഞെടുപ്പില്‍ പങ്കെടുത്ത്, ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിച്ച കമ്യൂണ്സ്റ്റ് പാര്‍ട്ടി ക്രൂഷ്ചോവിന്‍റെ സ്റ്റാലിന്‍ വിരുദ്ധ - 20 ആം പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷമാണ് (1956 ) മന്ത്രിസഭ രൂപീകരിച്ചത്‌; 1957-ഇല്‍.
പിരിച്ചുവിട്ടതിനുശേഷം വീണ്ടും അധികാരത്തില്‍ വരാന്‍ ഭരണഘടനാ വിരുദ്ധമായ (!) ഒന്നും ഇ.എം. എസിന്‍റെയും എ.കെ.ജി യുടെയും പ്രസ്ഥാനം ചെയ്തില്ല. ഈ നിഷ്ക്രിയത്വം സ്റ്റാലിനിസം കൊണ്ടല്ലെന്ന് മരണത്തിനുവരെ ബോധ്യപ്പെട്ടിരിക്കും .
പിന്നീട് 1967- ഇല്‍ കമ്യൂണ്സ്റ്റ് പ്രസ്ഥാനത്തിന്‍റെ നക്സലൈറ്റ്‌ വസന്തത്തിലാണ് വീണ്ടും ഞാനും വേണുവുമടക്കമുള്ളവര്‍ CPM വേണ്ടത്ര സ്റ്റാലിനിസ്റ്റ് ആയില്ലെന്ന തിരുത്തല്‍വാദ വിമര്‍ശനത്തോട് യോജിച്ചു പ്രവര്‍ത്തിച്ചത്.

ഇന്നു ജനാധിപത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചരിത്രത്തിന്‍റെ ഓര്‍മ്മക്കീറില്‍- ഈ മുറിപ്പാടുകള്‍ കൂടിയുണ്ടെന്ന ഓര്‍മ്മയുടെ വിനയം നല്ലതാണെന്ന് ഞാന്‍ കരുതുന്നു.

ഔപചാരിക ജനാധിപത്യം പൂര്‍ണ്ണമല്ലെന്ന് കരുതി അതിനെ പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കുന്നവര്‍ - വിമോചനസമരം കോണ്‍ഗ്രസ്സിനു പറ്റിയ ഒരു 'ചരിത്രപരമായ വിഡ്ഢിത്തം' ആണെന്ന് കരുതുകയാകും ശരി.
അസ്ഥാനത്ത് ഉപയോഗിക്കപെടുന്ന ഒരു ശകാരപദം മാത്രമായി സ്റ്റാലിനിസം തീരേണ്ടതുണ്ടോ?

ചോദ്യം:
കൂടുതല്‍ പറയാനുണ്ടോ?
ഉത്തരം:

ഉണ്ട്, പറയുന്നില്ല.
ചോദ്യം:
നക്സലൈറ്റ്‌ പ്രവര്‍ത്തനങ്ങളെ കുറിച്ചും നവസാമൂഹ്യ പ്രസ്ഥാനങ്ങളെക്കുറിച്ചും എന്താണ് തോന്നുന്നത്?
ഉത്തരം:


കേരളത്തില്‍ സായുധമായി തുടരുന്ന ഒരു നക്സലൈറ്റ്‌ പ്രസ്ഥാനം ഇപ്പോഴില്ല. ജാര്‍ഖണ്ട്‌ / ചത്തീസ്ഘട്ട് മാതൃകകളെ എതിര്‍ക്കുന്നവരാണ് ഇവിടെ '' ലഭ്യമായ മാവോയിസ്റ്റ്'' ശബ്ദഭേദങ്ങള്‍. എഴുപതുകളില്‍ നിന്നുള്ള നഷ്ട സ്മൃതികളുടെ ശ്രുതിഭാരമുള്ളവ! നോക്കൂ- '' ഇന്ത്യയിലെ സായുധരായ മാവോയിസ്റ്റുകളുടെ യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. അവരുടെ സാഹസോദ്യമങ്ങള്‍ പരാജയപ്പെടാന്‍ വിധിക്കപ്പെട്ടവയാണ്!''- ''ഈ മാതൃകയിലുള്ള വിപ്ലവം ഇന്ത്യയില്‍ പരാജയപ്പെടും'' എന്ന് ഒരിക്കല്‍ കൂടി തെളിയിക്കേണ്ടതുണ്ടോ? നിങ്ങള്‍ക്ക് അഷിം ചാറ്റര്‍ജിയെയും വഞ്ചകര്‍ എന്ന് വിളിക്കാം. പക്ഷെ ഈ ദുരന്ത നാടകം കുറച്ചുകൂടി നന്നായി അവര്‍ അവതരിപ്പിച്ചു- എന്ന് ആരെങ്കിലും പറഞ്ഞാല്‍? നക്സലൈറ്റുകള്‍ ഒരിക്കലും അവരുടെ വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ല - പക്ഷെ, ഇതര ഇടതുപക്ഷത്തിന്‍റെ അതുപോലുള്ള വാഗ്ദാനങ്ങളെ പരീക്ഷണത്തിന് വിധേയമാക്കി, 'കണ്ണീരും ചോരയും' ചേര്‍ത്ത്, ഇപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണോ?

രണ്ടാം വട്ടം farce ആയി, ഇത് 'ഉറുമ്പുകളുടെ ചരിത്രമല്ല' നിന്‍റെ കൂടി കഥയാണ്‌. അതുകൊണ്ട് തുടരാന്‍ വിഷമമുണ്ട്. മറ്റൊരു തീമിലേക്ക് നോക്കൂ...
നേപ്പാള്‍
മാവോയിസം എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? ആഴത്തിലേക്ക് പോകുന്നില്ല. - കേള്‍ക്കുകയാണ് പ്രധാനം - വിശകലനാത്മകമായ അധികകൂട്ടുകളുടെ വിസ്താരങ്ങള്‍ക്ക്‌ ഇത് മോശം കാലം!

പുതിയ സാമൂഹ്യ പ്രസ്ഥാനങ്ങളെക്കുറിച്ച് - കുറച്ചു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് ആരും ചോദിക്കാതെ തന്നെ ഒരു ലഘുലേഖയില്‍ ഞാന്‍ എഴുതിയത് ഇമ്മട്ടിലാണ്. '' പുതിയ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ അവരുടെ ആത്മബോധം കണ്ടെത്തണം. - ചിലപ്പോഴെങ്കിലും അത് പ്രതിലോമപരമായി തീരാനുള്ള സാധ്യതയുണ്ട്. കേരളത്തിലെ ലൈംഗീക തൊഴിലാളികളുടെ ആദ്യ സമ്മേളനത്തിന് ശേഷമാണ് (പോള്‍സണ്‍ റാഫേല്‍ ) കോഴിക്കോട് വെച്ചു സംഘടിപ്പിച്ചത്‌.

single issue പ്രസ്ഥാനങ്ങളെ എതിര്‍ക്കുന്നത് വലതുപക്ഷ രീതിയാണെന്ന് അവശിഷ്ട നക്സലൈറ്റുകളും മുഖ്യധാരാ ഇടതുപക്ഷവും ഏതാണ്ടൊക്കെ അംഗീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന്‍റെ തിരുമുറ്റം അടിച്ച് വൃത്തിയാക്കിയ ചൂല്‍ നിതാന്ത മൌനത്തിലേക്ക്‌ മടങ്ങിയിട്ടുണ്ടാകും. ഓരങ്ങളില്‍ പെട്ടുപോയവരുടെ പ്രസ്ഥാനം പക്ഷെ മുഖ്യധാരയില്‍നിന്നു ആര്‍ജ്ജിച്ച ചില കൊതികളും ആര്‍ത്തികളും പൂര്‍ണമായും കയ്യൊഴിക്കേണ്ടത് നല്ലതല്ലേ? ഉദാ: താര ശോഭയുടെ നേതാക്കള്‍, എപ്പോഴും വിജയിപ്പിക്കണമെന്ന വാശി, നവ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ (മീഡിയ പോലെത്തന്നെ) സിവില്‍ സമുദായത്തിന്‍റെ സ്ഥലം അതിരാഷ്ട്രീയവല്ക്കരിക്കപ്പെടുന്ന ദുരന്തങ്ങളില്‍ മാത്രമെ അപ്രസക്തമാകൂ.

ചോദ്യം:
മാര്‍ക്സിസ്റ്റു പാര്‍ട്ടിയുമായുള്ള ബന്ധം?
ഉത്തരം:
സംഘടനാ തലത്തില്‍ മേത്തലയിലെ അരാക്കുളം ബ്രാഞ്ചിലുള്ള അനുഭാവിയായാണ് പ്രവര്‍ത്തിക്കുന്നത്. എന്നെക്കൊണ്ട് ഗുണത്തെക്കാളേറെ ദോഷമാണ് ഉള്ളത് എന്ന് കരുതുന്നവര്‍ ഉണ്ട്. എന്‍റെ ജനാധിപത്യ വാദം, RSSഫാസിസത്തോടുള്ള എതിര്‍പ്പ് - ഇതെല്ലാം സൃഷ്ടിക്കുന്ന അവസരങ്ങള്‍ ചെറുതൊന്നുമല്ല.- പലപ്പോഴും മനസ്സിലാകാതെ പോകുന്ന അക്രമ രാഹിത്യവും!


രാഷ്ട്രീയത്തില്‍ എന്‍റെ വ്യക്തിപരമായ ചരിത്രം മുസരിസിന്‍ എങ്കിലും അല്പം വിചിത്രമാണ്. - ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ PDP ക്ക് പരസ്യമായി വോട്ട് ചെയ്തു! എന്‍റെ സഖാക്കളെ അമ്പരപ്പിച്ചുകൊണ്ട്‌. ഇമ്മട്ടിലുള്ള പ്രവചനാതീതമായ ചില നിലപാടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ മാത്രമാണ് നേതാക്കള്‍ എന്നെ സഖാവായി കാണുന്നുള്ളൂ എന്ന് എന്‍റെ സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഞാനത് ഇതുവരെ എന്‍റെ പ്രശ്നമാക്കി മാറ്റിയിട്ടില്ല.

ചോദ്യം :

ഇടതുപക്ഷത്തിന്‍റെ ഭാവി?
ഉത്തരം:


സമീപ ഭൂതകാലത്തില്‍ ഇന്ത്യയില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം UPA - ഇടതുപക്ഷ ഐക്യമാണ്. (1964 - ലെ പിളര്‍പ്പിന്‍റെ തിരുത്തല്‍ വാദ അന്തരീക്ഷത്തില്‍ ആലോചിക്കാന്‍ പോലും പറ്റാത്തത്.) ഞാന്‍ ഒറിജിനല്‍ CPI യുടെ ( പ്രയോഗം എന്‍. മാധാവന്‍കുട്ടിയുടേത് ) അന്നത്തെ ശരിയെക്കുറിച്ച് ഇടയ്ക്ക് ആലോചിക്കാറുണ്ട്. CPM നേക്കാള്‍ വിപ്ലവകാരിയാകാന്‍ ശ്രമിക്കുന്ന സന്ദര്‍ഭങ്ങളില്‍ CPI ക്കാരെ ഞാനിത് ഓര്‍മ്മിപ്പിക്കാറുണ്ട്.
'' വെയ്ക്കാടാ വലതാ ചെങ്കൊടി താഴെ...''
നക്സലൈറ്റ്‌ ആകുന്നതുനുമുന്‍പ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടൊപ്പം ഈ മുദ്രാവാക്യം കുറെ വിളിച്ചതാണ്. ഒരുപാട് വിശദീകരണം ആവശ്യമുള്ള തീമുകളാണ്‌ ഇതെല്ലാം. ഏതായാലും അന്ന് ചെയ്തതും ശരി, ഇന്നു ചിന്തിക്കുന്നതും ശരി എന്ന 'തന്നിഷ്ടം' അശ്ലീലമാണ്!


.....................................................
1 comment:

  1. എല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളും കുറെയുത്തരങ്ങളും..അല്ലേ ഭായി ?

    ReplyDelete