ഏട് മാസിക . 2009 december

രചനകള്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com

6/9/09

എബ്രഹാം നിനക്കായ്

സുരേഷ്

എബ്രഹാം,
പുല്ലുകള്‍കൊണ്ട് നീ മേഞ്ഞ വീടിന്‍റെ
മുള്ളുകള്‍കൊണ്ടുള്ള വാതായാനത്തിലൂടെ
ബോധത്തിന്‍റെ വിലക്കുകളില്‍നിന്ന്
അബോധത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്ക്
ഞാന്‍ ഉണര്‍ന്നിറങ്ങുമ്പോള്‍
നിന്‍റെ പുഞ്ചിരി മാത്രമായിരുന്നു
എന്‍റെ ശക്തി.

മരണത്തിന്‍റെ മൂന്നാംനാള്‍ ആഘോഷിക്കുവാന്‍
കല്ലറവാതില്‍ താനേ തുറന്നു.
മൌനത്തിന്‍റെ തകര്‍ന്ന ധൂപക്കുറ്റിയില്‍നിന്നും
കുന്തിരിക്കത്തിന്‍റെ ഒരുപിടി ചാരവുമായി
ഒറ്റുകാരുടെയും ദല്ലാളന്‍മാരുടെയും ഈ നഗരത്തിലേക്ക്
നീ നടന്നുവരുന്നതും കണ്ടു.

ആകാശത്തിലെ വെള്ളിമീന്‍ പോലെ
മാലാകമാരുടെ കീറിയ ചിറകില്‍
നിന്‍റെ കൃഷ്ണമണികള്‍ മിന്നിതിളങ്ങുന്നതും
മദം പൊട്ടിയ ആനകള്‍ പാപ്പാന്മാരുടെ മുമ്പില്‍
ഓശാന പാടിയതും
അത്ഭുതാദരങ്ങളോടെ ഞാന്‍ നോക്കിനിന്നു.
നീ അണിഞ്ഞ കിന്നരിവെച്ച കിരീടവും
അതിന്നുള്ളിലെ പാറിപ്പറക്കുന്ന നീണ്ട മുടിയും
അഴുക്കുവസ്ത്രത്തില്‍ വാര്‍ന്നു വീണ
തിരുമുറിവുകളിലെ നിണവും
അലസമായ നിന്‍റെ നടത്തവും
കണ്ടുവന്ന പുരുഷാരം
ഒരു സ്വപ്നാടനത്തില്‍
സ്വന്തം മുഖം‌മൂടികള്‍ വലിച്ചെറിഞ്ഞു.

പിന്നീട്, ആകാശം ചുവക്കുകയും
പുഷ്പങ്ങള്‍ വിടരുകയും
പുരുഷാരം ഒരു ചങ്ങല പോലെ
നിന്നെ അനുഗമിക്കുകയും ചെയ്തപ്പോള്‍
ഒരു നക്ഷത്രപ്പകര്‍ച്ചയ്ക്കും
വെള്ളിടിക്കും ശേഷം
എബ്രഹാം,
നീ ഒന്നുമേ മിണ്ടാതെ
നിന്‍റെ ചിത നോക്കി നടന്നകന്നല്ലോ?
..................................................................
സുരേഷ്
( ഏട്, ജോണ്‍ അനുസ്മരണ പതിപ്പ് / 1988 ഒക്ടോബര്‍ )

1 comment:

  1. പുല്ലുകള്‍കൊണ്ട് നീ മേഞ്ഞ വീടിന്‍റെ
    മുള്ളുകള്‍കൊണ്ടുള്ള വാതായാനത്തിലൂടെ...

    ReplyDelete