ഏട് മാസിക . 2009 december

രചനകള്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com

ഏടുകളില്‍

12/2/09

എന്നാണ് നീയൊരു മാലാഖയെപ്പോലെയാവുക?

..................................



അമേരിക്കാ,
നാമെന്നാണ്
ഈ യുദ്ധം
അവസാനിപ്പിക്കുക ?

നീ നിന്‍റെ
ആറ്റംബോംബ്
കൊണ്ടുപോയി പുലയാട്...

എനിക്ക്
തീരെ സുഖം തോന്നുന്നില്ല
എന്നെ
ബുദ്ധിമുട്ടിക്കാതിരിക്കൂ...
എന്‍റെ മനസ്സ്
ശരിയാകും വരെ
ഞാനിനി
കവിത എഴുതില്ല.

അമേരിക്കാ,
എന്നാണ് നീയൊരു
മാലാഖയെപ്പോലെയാവുക?

11/1/09

a tribute to ritwik ghatak

.........................................

poem by


........................................



In partition, not physically of willingness
-the country departed
Out of his outer consciousness-
cosmic consciousness-
none of his mistakes.
Reactions - natural reaction- reflections
refugee, unborn, unwanted, unhearable
penatrative towards the victorian hangover
of the Tagorian corruption of thinking.
Life was more important for him
then the poetry in praise of god,
the god of victorian tagorian thinking.

Hence he was rejected from the bengalian thinking
Ritwik ghatak- the name doesn't suit
the heirarchic thinking of
the rayanian Zamindarian thinking.
Perhaps the long acho of the forgotton factors
that becomes reminiacences of
the ' Death of a sales man ' or otherwise
the long columns and the nomore chabi biswas.
Cardiac arrest is common
The death of ghatak was uncommon.

I remember, a tall man
his hands moving around my shoulders,
Catching me with the feeling of nearness
rather than imperialism-
The man who stands before me
Qustioning my manliness
loosing his hands to shake my hands
In appreciation of manliness
recongnising each other
Kicking on my an's and telling me
" Get up awake shoot "
I remember, not with sentiments.
With awakening proud, Ritwik Ghatak.
let me cell you Ritwik Daa,
i know that you are nomore
But Iam, alive for you.
Believe me.

When the seventh seal is opened
I will use my camera as my gun
and sure, the echo of the sound
will reverberate in your bones,
and feed back to me my inspiration.
Thank you Ritwik Daa.
iam thinking you
not with importency and insipidity.
eternally you are
in my brain
in my spirit and
in my Holy Ghost
( amen )

10/5/09

ഒരു അവശിഷ്ട നക്സലൈറ്റുമായി അഭിമുഖം

- ടീയെന്‍ ജോയ്
.....................................................
ചോദ്യം:
വിമോചനസമരം എന്തായിരുന്നു?
ഉത്തരം:
57 ലെ വിമോചന സമരത്തില്‍ ആരും കൊല്ലപ്പെടരുതായിരുന്നു.വിമോചനസമരം എന്ന വാക്ക് പത്രലോകം നല്‍കി പിന്നീട് സമരക്കാര്‍ സ്വീകരിക്കുകയായിരുന്നെന്ന് എം. എ. ജോണ്‍ അടുത്തയിടെ പറയുന്നത് കേട്ടു.
48 ലെ ത്യാഗങ്ങള്‍ക്ക് ശേഷം കേരളത്തില്‍ മാത്രം അധികാരത്തില്‍ വന്ന ( തെരഞ്ഞെടുപ്പിലൂടെ ) ഇ.എം.എസ് മന്ത്രിസഭയുടെ കീഴില്‍ അടിച്ചമര്‍ത്തപ്പെടുമെന്ന പേടിയുള്ളവര്‍ ഉണ്ടായിരുന്നു. സാധാരണക്കാര്‍ എന്ന് പൊതുവെ പറയുന്നവര്‍ക്കുവേണ്ടി കൊണ്ടുവന്ന നിയമങ്ങള്‍ മാത്രമാണ് ആദ്യം ഈ പേടിയെ ഉല്‍പാദിപ്പിച്ചത്. പിന്നീട് സധാരണക്കാരിലെ ക്രിസ്ത്യന്‍ വിഭാഗത്തെയും നായന്‍മാരെയും സംഘടിപ്പിച്ചാണ് 'വിമോചനം' ഏതാണ്ട് ജനകീയമാക്കിയത്‌. മന്ത്രിസഭ പിരിച്ചുവിട്ടില്ലെങ്കില്‍ ഈ സമരം പരാജയപ്പെടുമായിരുന്നു എന്നാണ് എന്‍റെ വിശ്വാസം. സമവായത്തിന്‍റെയും ജനകീയ പ്രതിരോധത്തിന്‍റെയും ചേരുവകളില്‍ ഒരു പക്ഷെ പരിഹാരം വരെ ഉണ്ടാകുമായിരുന്നു.
നെഹ്‌റു ഇടതുപക്ഷ സുഹൃത്തുക്കളോട് ചോദിച്ചത് ഇന്നും അര്‍ത്ഥവത്താണ്. '' ഇത്രപെട്ടെന്നു ഒറ്റപെടാന്‍ നിങ്ങള്‍ എന്ത് തന്ത്രമാണ് പ്രയോഗിച്ചത്?''
മറ്റൊരു കാര്യം ഇന്ത്യയിലെ കമ്യൂണിസ്റ്റ്കാര്‍ക്ക് സായുധമായ ത്യാഗങ്ങളുടെ കാലത്ത് - സ്റ്റാലിന്‍ 'സ്റ്റാലിനിസ'മായിരുന്നില്ല - വിപ്ലവം വിജയിച്ച രാജ്യത്തെ മെഡലുകള്‍ അണിഞ്ഞ ''അപരാജിതനോട്'' ചേര്‍ത്തുവെച്ചാണ് ഇവടത്തെ ഒറ്റപ്പെടലുകളെ അവര്‍ സഹിച്ചത്.
തെരെഞ്ഞെടുപ്പില്‍ പങ്കെടുത്ത്, ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിച്ച കമ്യൂണ്സ്റ്റ് പാര്‍ട്ടി ക്രൂഷ്ചോവിന്‍റെ സ്റ്റാലിന്‍ വിരുദ്ധ - 20 ആം പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷമാണ് (1956 ) മന്ത്രിസഭ രൂപീകരിച്ചത്‌; 1957-ഇല്‍.
പിരിച്ചുവിട്ടതിനുശേഷം വീണ്ടും അധികാരത്തില്‍ വരാന്‍ ഭരണഘടനാ വിരുദ്ധമായ (!) ഒന്നും ഇ.എം. എസിന്‍റെയും എ.കെ.ജി യുടെയും പ്രസ്ഥാനം ചെയ്തില്ല. ഈ നിഷ്ക്രിയത്വം സ്റ്റാലിനിസം കൊണ്ടല്ലെന്ന് മരണത്തിനുവരെ ബോധ്യപ്പെട്ടിരിക്കും .
പിന്നീട് 1967- ഇല്‍ കമ്യൂണ്സ്റ്റ് പ്രസ്ഥാനത്തിന്‍റെ നക്സലൈറ്റ്‌ വസന്തത്തിലാണ് വീണ്ടും ഞാനും വേണുവുമടക്കമുള്ളവര്‍ CPM വേണ്ടത്ര സ്റ്റാലിനിസ്റ്റ് ആയില്ലെന്ന തിരുത്തല്‍വാദ വിമര്‍ശനത്തോട് യോജിച്ചു പ്രവര്‍ത്തിച്ചത്.

ഇന്നു ജനാധിപത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചരിത്രത്തിന്‍റെ ഓര്‍മ്മക്കീറില്‍- ഈ മുറിപ്പാടുകള്‍ കൂടിയുണ്ടെന്ന ഓര്‍മ്മയുടെ വിനയം നല്ലതാണെന്ന് ഞാന്‍ കരുതുന്നു.

ഔപചാരിക ജനാധിപത്യം പൂര്‍ണ്ണമല്ലെന്ന് കരുതി അതിനെ പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കുന്നവര്‍ - വിമോചനസമരം കോണ്‍ഗ്രസ്സിനു പറ്റിയ ഒരു 'ചരിത്രപരമായ വിഡ്ഢിത്തം' ആണെന്ന് കരുതുകയാകും ശരി.
അസ്ഥാനത്ത് ഉപയോഗിക്കപെടുന്ന ഒരു ശകാരപദം മാത്രമായി സ്റ്റാലിനിസം തീരേണ്ടതുണ്ടോ?

ചോദ്യം:
കൂടുതല്‍ പറയാനുണ്ടോ?
ഉത്തരം:

ഉണ്ട്, പറയുന്നില്ല.
ചോദ്യം:
നക്സലൈറ്റ്‌ പ്രവര്‍ത്തനങ്ങളെ കുറിച്ചും നവസാമൂഹ്യ പ്രസ്ഥാനങ്ങളെക്കുറിച്ചും എന്താണ് തോന്നുന്നത്?
ഉത്തരം:


കേരളത്തില്‍ സായുധമായി തുടരുന്ന ഒരു നക്സലൈറ്റ്‌ പ്രസ്ഥാനം ഇപ്പോഴില്ല. ജാര്‍ഖണ്ട്‌ / ചത്തീസ്ഘട്ട് മാതൃകകളെ എതിര്‍ക്കുന്നവരാണ് ഇവിടെ '' ലഭ്യമായ മാവോയിസ്റ്റ്'' ശബ്ദഭേദങ്ങള്‍. എഴുപതുകളില്‍ നിന്നുള്ള നഷ്ട സ്മൃതികളുടെ ശ്രുതിഭാരമുള്ളവ! നോക്കൂ- '' ഇന്ത്യയിലെ സായുധരായ മാവോയിസ്റ്റുകളുടെ യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. അവരുടെ സാഹസോദ്യമങ്ങള്‍ പരാജയപ്പെടാന്‍ വിധിക്കപ്പെട്ടവയാണ്!''- ''ഈ മാതൃകയിലുള്ള വിപ്ലവം ഇന്ത്യയില്‍ പരാജയപ്പെടും'' എന്ന് ഒരിക്കല്‍ കൂടി തെളിയിക്കേണ്ടതുണ്ടോ? നിങ്ങള്‍ക്ക് അഷിം ചാറ്റര്‍ജിയെയും വഞ്ചകര്‍ എന്ന് വിളിക്കാം. പക്ഷെ ഈ ദുരന്ത നാടകം കുറച്ചുകൂടി നന്നായി അവര്‍ അവതരിപ്പിച്ചു- എന്ന് ആരെങ്കിലും പറഞ്ഞാല്‍? നക്സലൈറ്റുകള്‍ ഒരിക്കലും അവരുടെ വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ല - പക്ഷെ, ഇതര ഇടതുപക്ഷത്തിന്‍റെ അതുപോലുള്ള വാഗ്ദാനങ്ങളെ പരീക്ഷണത്തിന് വിധേയമാക്കി, 'കണ്ണീരും ചോരയും' ചേര്‍ത്ത്, ഇപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണോ?

രണ്ടാം വട്ടം farce ആയി, ഇത് 'ഉറുമ്പുകളുടെ ചരിത്രമല്ല' നിന്‍റെ കൂടി കഥയാണ്‌. അതുകൊണ്ട് തുടരാന്‍ വിഷമമുണ്ട്. മറ്റൊരു തീമിലേക്ക് നോക്കൂ...
നേപ്പാള്‍
മാവോയിസം എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? ആഴത്തിലേക്ക് പോകുന്നില്ല. - കേള്‍ക്കുകയാണ് പ്രധാനം - വിശകലനാത്മകമായ അധികകൂട്ടുകളുടെ വിസ്താരങ്ങള്‍ക്ക്‌ ഇത് മോശം കാലം!

പുതിയ സാമൂഹ്യ പ്രസ്ഥാനങ്ങളെക്കുറിച്ച് - കുറച്ചു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് ആരും ചോദിക്കാതെ തന്നെ ഒരു ലഘുലേഖയില്‍ ഞാന്‍ എഴുതിയത് ഇമ്മട്ടിലാണ്. '' പുതിയ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ അവരുടെ ആത്മബോധം കണ്ടെത്തണം. - ചിലപ്പോഴെങ്കിലും അത് പ്രതിലോമപരമായി തീരാനുള്ള സാധ്യതയുണ്ട്. കേരളത്തിലെ ലൈംഗീക തൊഴിലാളികളുടെ ആദ്യ സമ്മേളനത്തിന് ശേഷമാണ് (പോള്‍സണ്‍ റാഫേല്‍ ) കോഴിക്കോട് വെച്ചു സംഘടിപ്പിച്ചത്‌.

single issue പ്രസ്ഥാനങ്ങളെ എതിര്‍ക്കുന്നത് വലതുപക്ഷ രീതിയാണെന്ന് അവശിഷ്ട നക്സലൈറ്റുകളും മുഖ്യധാരാ ഇടതുപക്ഷവും ഏതാണ്ടൊക്കെ അംഗീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന്‍റെ തിരുമുറ്റം അടിച്ച് വൃത്തിയാക്കിയ ചൂല്‍ നിതാന്ത മൌനത്തിലേക്ക്‌ മടങ്ങിയിട്ടുണ്ടാകും. ഓരങ്ങളില്‍ പെട്ടുപോയവരുടെ പ്രസ്ഥാനം പക്ഷെ മുഖ്യധാരയില്‍നിന്നു ആര്‍ജ്ജിച്ച ചില കൊതികളും ആര്‍ത്തികളും പൂര്‍ണമായും കയ്യൊഴിക്കേണ്ടത് നല്ലതല്ലേ? ഉദാ: താര ശോഭയുടെ നേതാക്കള്‍, എപ്പോഴും വിജയിപ്പിക്കണമെന്ന വാശി, നവ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ (മീഡിയ പോലെത്തന്നെ) സിവില്‍ സമുദായത്തിന്‍റെ സ്ഥലം അതിരാഷ്ട്രീയവല്ക്കരിക്കപ്പെടുന്ന ദുരന്തങ്ങളില്‍ മാത്രമെ അപ്രസക്തമാകൂ.

ചോദ്യം:
മാര്‍ക്സിസ്റ്റു പാര്‍ട്ടിയുമായുള്ള ബന്ധം?
ഉത്തരം:
സംഘടനാ തലത്തില്‍ മേത്തലയിലെ അരാക്കുളം ബ്രാഞ്ചിലുള്ള അനുഭാവിയായാണ് പ്രവര്‍ത്തിക്കുന്നത്. എന്നെക്കൊണ്ട് ഗുണത്തെക്കാളേറെ ദോഷമാണ് ഉള്ളത് എന്ന് കരുതുന്നവര്‍ ഉണ്ട്. എന്‍റെ ജനാധിപത്യ വാദം, RSSഫാസിസത്തോടുള്ള എതിര്‍പ്പ് - ഇതെല്ലാം സൃഷ്ടിക്കുന്ന അവസരങ്ങള്‍ ചെറുതൊന്നുമല്ല.- പലപ്പോഴും മനസ്സിലാകാതെ പോകുന്ന അക്രമ രാഹിത്യവും!


രാഷ്ട്രീയത്തില്‍ എന്‍റെ വ്യക്തിപരമായ ചരിത്രം മുസരിസിന്‍ എങ്കിലും അല്പം വിചിത്രമാണ്. - ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ PDP ക്ക് പരസ്യമായി വോട്ട് ചെയ്തു! എന്‍റെ സഖാക്കളെ അമ്പരപ്പിച്ചുകൊണ്ട്‌. ഇമ്മട്ടിലുള്ള പ്രവചനാതീതമായ ചില നിലപാടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ മാത്രമാണ് നേതാക്കള്‍ എന്നെ സഖാവായി കാണുന്നുള്ളൂ എന്ന് എന്‍റെ സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഞാനത് ഇതുവരെ എന്‍റെ പ്രശ്നമാക്കി മാറ്റിയിട്ടില്ല.

ചോദ്യം :

ഇടതുപക്ഷത്തിന്‍റെ ഭാവി?
ഉത്തരം:


സമീപ ഭൂതകാലത്തില്‍ ഇന്ത്യയില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം UPA - ഇടതുപക്ഷ ഐക്യമാണ്. (1964 - ലെ പിളര്‍പ്പിന്‍റെ തിരുത്തല്‍ വാദ അന്തരീക്ഷത്തില്‍ ആലോചിക്കാന്‍ പോലും പറ്റാത്തത്.) ഞാന്‍ ഒറിജിനല്‍ CPI യുടെ ( പ്രയോഗം എന്‍. മാധാവന്‍കുട്ടിയുടേത് ) അന്നത്തെ ശരിയെക്കുറിച്ച് ഇടയ്ക്ക് ആലോചിക്കാറുണ്ട്. CPM നേക്കാള്‍ വിപ്ലവകാരിയാകാന്‍ ശ്രമിക്കുന്ന സന്ദര്‍ഭങ്ങളില്‍ CPI ക്കാരെ ഞാനിത് ഓര്‍മ്മിപ്പിക്കാറുണ്ട്.
'' വെയ്ക്കാടാ വലതാ ചെങ്കൊടി താഴെ...''
നക്സലൈറ്റ്‌ ആകുന്നതുനുമുന്‍പ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടൊപ്പം ഈ മുദ്രാവാക്യം കുറെ വിളിച്ചതാണ്. ഒരുപാട് വിശദീകരണം ആവശ്യമുള്ള തീമുകളാണ്‌ ഇതെല്ലാം. ഏതായാലും അന്ന് ചെയ്തതും ശരി, ഇന്നു ചിന്തിക്കുന്നതും ശരി എന്ന 'തന്നിഷ്ടം' അശ്ലീലമാണ്!


.....................................................




9/2/09

ഒരു രാഷ്ട്രീയ വനവാസം

മായിക ദേവി

...............................................................




...........................................................................................




കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വക്രബുദ്ധിയാന്‍ സോണിയാജിയുടെ നേതൃത്വത്തിന് വെളിയില്‍ ഗതിപിടിച്ചില്ല. ഒടുവില്‍ അലച്ചില്‍ മതിയാക്കി തറവാട്ടില്‍ തിരിച്ചെത്തി. ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ടിയാനില്‍ കിളിര്‍ക്കില്ലെന്ന കേരള ഘടകം റിപ്പോര്‍ട്ട് വിശ്വാസ്യതയിലെടുത്ത് ഹൈക്കമാന്‍റ് മദാമ്മ കനിയുകയായിരുന്നു.

കഷ്ടകാലം തീരും; ശിഷ്ഠകാലം അധികാര ഗ്രസ്തനായി ആമോദത്തോടെ വസിക്കാന്‍ ഏതെങ്കിലുമൊരു രാജ ഭവനം വൈകാതെ ഒഴിഞ്ഞു കിട്ടുമാറാകട്ടെ.

ഈ വിധം തിരിചെത്തിയവരുടെ ഒരു മഹാ പ്രസ്ഥാനം, ജൂനിയര്‍ ലീഡറുടെ കാര്യത്തില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നതിന്‍റെ സാംഗത്യം മനസ്സിലാകുന്നില്ല. ചില ഖാദി യൂത്തിസ്റ്റുകള്‍ അടക്കം പറഞ്ഞത് ഇനിയും ആയിരം അങ്കങ്ങള്‍ക്കുള്ള ബാല്യ കൌമാരങ്ങള്‍ ആ മേനിയില്‍ വിളഞ്ഞു നില്പുണ്ടെന്നാണ്.

'' ഗംഗയും യമുനയും തമ്മില്‍ ഒത്തു ചേരുമീ

പുണ്യഭൂമി തന്നില്‍ ഐക്യ കാഹളം മുഴക്കുവാന്‍

വരികയായ്‌ സേവാദള്‍ വരികയായ്‌ സേവാദള്‍ ...''

ഒരു കാലത്ത് ജനം ''കോള്‍ഹെയര്‍'' കൊണ്ട മുദ്രാവാക്യം. അങ്ങനെയുള്ള സേവാദളില്‍ എല്ല് മുറിയെ പണിയെടുത്ത് കഴിവുകള്‍ തെളിയിച്ച് മുഖ്യ ധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഒരു യഥാര്‍ത്ഥ പ്രവര്‍ത്തകനെയാണ്‌ രാഷ്ട്രീയ വനവാസത്തിന്‌ അയച്ചിരിക്കുന്നത്.

ഒരു പ്രത്യേക അറിയിപ്പ്:

സേവാദള്‍ എന്ന് കേള്‍ക്കാത്തവരായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് അവരുടെ പൊതു വിജ്ഞാനത്തിന്‍റെ കുറവായി പരിഗണിക്കുന്നതല്ല.

....................................................................

8/23/09

നോവലും നോവലിസ്റ്റും

സി. ആര്‍. പരമേശ്വരന്‍

...................................

നോവലിന്‍റെ സമാന്തര ധാരയെക്കുറിച്ചാണല്ലോ എഴുതാന്‍ പറഞ്ഞത് ? അങ്ങനെ ഒന്നുണ്ടെങ്കില്‍ തന്നെ അത് വളരെ പ്രക്ഷീണമാണ്. അടിയുറച്ച മൂല്യബോധവും അതിനാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ദര്‍ശനവും ഉള്ള നോവലിസ്റ്റുകള്‍, മുതലാളിത്ത വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയോട്‌ cope up ചെയ്യാനാകും വിധം സ്വയം രാഷ്ട്രീയവല്‍കരിച്ചിട്ടുള്ള നോവലിസ്റ്റുകള്‍ നമുക്കിന്ന് വളരെ കുറവാണ്. ഉള്ളത് ജീവിതത്തെക്കുറിച്ച് ഭാഗിക ദര്‍ശനമുള്ള അരാഷ്ട്രീയക്കാരും, യാന്ത്രിക മാര്‍ക്സിസത്താല്‍ കണ്ടീഷന്‍ ( condition ) ചെയ്യപ്പെട്ടിട്ടുള്ള കക്ഷി രാഷ്ട്രീയക്കാരുടെ ആശ്രിതരുമാണ്.വില്‍പ്പനയ്ക്ക് മാത്രമല്ലാതെ ആത്മാവിഷ്കാരം ലകഷ്യമാക്കി എഴുതുന്നവര്‍ വളരെ കുറവാണ്. ആനന്ദ്‌ മാത്രമാണ് ഒരു അപവാദം. അതാണ്‌ കോവിലന്‍ പറഞ്ഞത് ആനന്ദ്‌ ഒഴികെ മറ്റെല്ലാവരും പൈങ്കിളി നോവലിസ്റ്റുകളാണെന്ന്.

...............................................

8/18/09

പോള്‍ ലഫാര്‍ഗിന്‍റെ ആത്മഹത്യാക്കുറിപ്പ്

'' മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ളപ്പോള്‍ തന്നെ ഞാന്‍ സ്വയം കൊല്ലുകയാണ്.
ജീവിതത്തിന്‍റെ സുഖങ്ങളെയും സന്തോഷങ്ങളെയും ഒന്നൊന്നായി എനിക്ക് നിഷേധിക്കുന്ന,
ശാരീരികവും ബുദ്ധിപരവുമായ എല്ലാ ശക്തിയെയും തളര്‍ത്തുന്ന, എന്‍റെ
ആത്മവീര്യത്തെ തകര്‍ക്കുന്ന വാര്‍ദ്ധക്യം - എനിക്കുതന്നെയും മറ്റുള്ളവര്‍ക്കും ഭാരമാവും.
എഴുപതിനപ്പുറം കടക്കേണ്ടെന്ന് ഞാന്‍ മുന്‍പേ തീരുമാനിച്ചതാണ്. ഒരു ഹൈപ്പോഡെര്‍മിക്ക് ഇന്‍ജക്ഷന്‍. ''
.....................................................................
മാര്‍ക്സിന്‍റെ മകള്‍ ലോറയെയാണ് പോള്‍ ലോഫാര്‍ഗ് വിവാഹം ചെയ്തത്. ആത്മഹത്യാ കുറിപ്പില്‍ ഒപ്പുവെച്ച് ഇവര്‍ 1911 നവംബറില്‍ ജീവനൊടുക്കി. '' അല്ലാതെന്തുചെയ്യാന്‍? പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടെന്നു തോന്നിയാല്‍? ''
ലെനിന്‍ ക്രൂപ്സ്കായയോട് പറഞ്ഞു.
പോള്‍ ലഫാര്‍ഗിന്‍റെ ഒരു കൃതിയുടെ പേര് ഇതാണ്.
......................................................

8/1/09

പ്രസിദ്ധി

കുരീപ്പുഴ ശ്രീകുമാര്‍
...............................
കഴിച്ച മദ്യം
മുപ്പതുമില്ലി
കുപ്രസിദ്ധി
മുവ്വായിരം
കിലോമീറ്റര്‍.
...............................

മൂന്ന് പൊട്ടാസ്‌ കവിതകള്‍

തേജസ്വിനി
....................................................

കാക്ക

മമ്മദും കോരനും
തമ്മിലെന്താ വ്യത്യാസം?
മമ്മദ് ജീവിച്ച കാലത്ത് കാക്ക.
കോരന്‍ മരണശേഷവും.


മരണവീട്

ഒരാള്‍ പോകുന്നു
എന്നേക്കുമായി.
ഒരുപാടുപേര്‍ വരുന്നു,
അന്നേക്ക് മാത്രമായി...


ചിരവ
നീ ചിരവ പോലെ
വേണ്ടതെല്ലാം കാര്‍ന്നെടുത്ത്
വീണ്ടും തലയുയര്‍ത്തി...
...........................................

7/1/09

മൂന്ന് കവിതകള്‍

രെഹന ഖാലിദ്

കര്‍മ്മഫലം

മധുരം പോലെ അലിഞ്ഞുചേര്‍ന്ന്

അല്ലെങ്കില്‍‍ ചെളിപോലെ അടിയിലൂര്‍ന്ന്

അതുമല്ലെങ്കില്‍‍ പാട പോലെ മുകളില്‍ പടര്‍ന്ന്...


പ്രപഞ്ചം

ഉപമകളില്ലാതെ രചിക്കപ്പെട്ട

ഏറ്റവും വലിയ കവിത.

ചിത്തം

ചിതലരിക്കാത്തത്

ചിതയിലെരിയാത്തത്

...................................................

മഴക്കാല കാഴ്ച്ചകള്‍

വിജയ ലക്ഷ്മി

ഇളം തെന്നലിക്കിളി ക്കൂട്ടുമ്പോള്‍


കിലുകിലാരവത്താല്‍ ...


ഉന്മാദനൃത്ത ചുവടുകള്‍ വെച്ചിളകിയാടും,


മാമരചില്ലകള്‍ കെട്ടിപ്പുണരും വള്ളികള്‍ !


കണ്ണുകള്‍ക്കാനന്ദ രസം - പകരുമാ കാഴ്ച്ചകള്‍ !


അങ്ങാകാശ മേലാപ്പില്‍ - കരിമുകിലിഴഞ്ഞു കിഴക്കിന്‍ ,


ദിശയില്‍ സംവദിക്കവേ ..


തുള്ളിക്കൊരു കുടം മഴയായ്‌ - ഭൂമിക്ക് ദാഹം തീര്‍ക്കാന്‍ !


ജീവജാലങ്ങള്‍ തന്‍ - കുടിവെള്ള വറുതിക്കറുതിയായ് !


പൊഴിച്ചത് പുഴയായ്‌ മാറി ,


വഞ്ചി കണക്കിനു തുഴഞ്ഞു പ്പോകുന്നിതോ -


ഇരുചക്ര ,നാല്‍ചക്ര വാഹനങ്ങള്‍ !


പാതയോരത്തു ..കാല്‍നട പ്പാതകള്‍ -


കണ്ണില്‍ പെടാതുഴലുന്ന ജനം , മറിഞ്ഞു ഗര്‍ത്തങ്ങളില്‍ വീണു-


കൈ ,കാലിനെല്ലുനുറുങ്ങിയും ,


ആതുരാലയത്തിലഭയം തേടുന്നോര്‍ !


ഓടകള്‍ പ്പൊട്ടിയൊഴുകി ചേരുന്നു ....


ഡങ്കിപ്പനി ,എലിപ്പനി ,പന്നിപ്പനി ,കോളറ ...


ഭയാനകം , മരണത്തിന്‍ കാലൊച്ചകള്‍ !


ഇളം തെന്നല്‍ വീശി , ക്കൊടുങ്കാറ്റായ് മാറി -


പ്രകൃതി തന്‍ ,വികൃതി താണ്ഢവം !


മക്കളെ പേറിനിന്നോരാ വരിക്കപ്ലാവ് ,


തായ് വേരിളകി വീടിന്നു മേല്‍കൂരയില്‍ -


പതിക്കവേ ... ഇനിയെന്തെന്ന് ... പറയേണ്ടതില്ലയ്യോ


ഭീകരക്കാഴ്ച്ചകള്‍ ! ഇതും മഴക്കാലക്കാഴ്ച്ചകള്‍ !!!

ചെരുപ്പ്

മുഫാദ്



ഇരയുടെ മൌനം

ചെരിപ്പുകള്‍ കാലുകള്‍ക്കൊരു കരുതലാണ്

മുള്ളും കൊള്ളിയും തറക്കരുതെ എന്ന് പറഞ്ഞ്

കാലില്‍ ആദ്യമായി ചെരിപ്പിട്ടതും

പതിയെ വേച്ച് വെച്ചതൊരു ശീലമായതും ...

വേട്ടക്കാരന്‍റെ അലമുറകള്‍

ഒരുകൂട്ടം ചെരിപ്പുകളുണ്ട് വേട്ടക്കാരന്

ഇരകളുടെ രക്തമൂറ്റി കാലില്‍ പ്രതിഷ്ഠിച്ചവ

കല്ലും മുള്ളും കൊള്ളിയും

ഇരയുടെ ഹൃദയത്തില്‍ തറച്ച് വള്ളികള്‍ തീര്‍ത്തവ...

വേട്ടയുടെ അവസാനം

ഇരയുടെ വേട്ടയ്ക്ക് പ്രായോജകരില്ല

രക്തമൂറ്റിക്കുടിക്കാന്‍ യന്ത്രങ്ങളുമില്ല

കാതങ്ങളോളം തഴമ്പിച്ചആരവങ്ങളുണ്ട്-അവ

നെഞ്ചേറ്റിയ ഒരു കൂട്ടംചെരിപ്പുകളുമുണ്ട്.

മുഖം കൊള്ളെ ചെരിപ്പുകള്‍ പതിക്കുമ്പോള്‍

ആരുമൊന്നു വിറക്കും;

ലോകം പടച്ചു വെച്ചവന്‍ പോലും.

ഒടുവില്‍ വേട്ടക്കാരന്‍

മുട്ട് മടക്കുന്നൊരു കാലം വരും ...

ചെരുപ്പില്‍ തഴമ്പിച്ച ആരവങ്ങളൊന്നായി

പ്രഹരങ്ങളായി പതിക്കും കാലം ...

6/28/09

അനുസരണയില്ലാത്ത കുട്ടി

കുരീപ്പുഴ ശ്രീകുമാര്‍


നുസരണയുള്ള
കുട്ടിയ്ക്ക്
ഒരേയൊരു വഴി,
വീട്ടിലേക്കുള്ള വഴി...
അനുസരണയില്ലാത്ത
കുട്ടിയ്ക്ക്
ആയിരം വഴി,
നാട്ടിലേക്കുള്ള വഴി...
ഞാന്‍ അനുസരണയില്ലാത്ത കുട്ടി.
............ .................................................
ഏട്, 1991 ഓഗസ്റ്റ്‌
.............................................................
(ചിത്രം : ഗൂഗിള്‍ ഇമേജില്‍ നിന്നും )

അടിമ

എന്‍. പി. ഹാഫിസ്‌ മുഹമ്മദ്‌



രുട്ട്.
മങ്ങിയ വെളിച്ചം പതുങ്ങിയെത്തുന്നു. പൂര്‍ണ്ണപ്രകാശത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ത്രീ. പുരുഷന്‍റെ പൊട്ടിച്ചിരി. ആദ്യം നിഴലും പിന്നെ രൂപവും പ്രവേശിക്കുന്നു. സ്ത്രീയ്ക്കുമീതെ ഭീമാകാര പുരുഷപ്രവേശം.
പുരുഷന്‍: ( ചിരിച്ചുകൊണ്ട് ) മനസ്സിലായില്ലേ, നീ എനിക്കെന്നും അടിമയാണ്.
സ്ത്രീ: ( കരഞ്ഞുകൊണ്ട് ) കഷ്ടം, എക്കാലത്തും നിങ്ങള്‍ നിങ്ങള്‍ക്ക് അടിമയാണല്ലോ?

സ്ത്രീയുടെ കരച്ചിലും പുരുഷന്‍റെ ചിരിയും. പിന്നെ പതുങ്ങിയെത്തുന്ന ഇരുട്ട്. കൂരാകൂരിരുട്ട്‌.

......................................................
ഏട്, 1991 ഓഗസ്റ്റ്‌
......................................................

ഓര്‍മ്മ

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്


റ്റിയ പുഴയില്‍
ഉമ്മയുറങ്ങുന്നു.
എന്‍റെ
നിലവിളികള്‍ക്കുമേല്‍
ഒരു പാറ പോലെ...
എന്‍റെ
ക്ഷമാപണത്തിനുമേല്‍
പായല്‍ പച്ച പോലെ...
എനിക്കെല്ലാം ഓര്‍മ്മ വരുന്നു.
മുലയില്ലാത്ത ഒരമ്മ.
കുഷ്ഠ രോഗിയുടെ
വിരലുണ്ടുറങ്ങുന്ന
കുഞ്ഞ്...

........................................................
ഏട്, 1991 ആഗസ്റ്റ്
........................................................

രണ്ട് കുറിപ്പുകള്‍

നടരാജന്‍ ബോണക്കാട്







വൈരുദ്ധ്യാധിഷ്ഠിത ഭൌതിക വാദം ഇറക്കുമതിച്ചരക്കാണെന്ന വാദത്തെക്കുറിച്ച്‌...



അത് ഒരിക്കലും ഇറക്കുമതി ചെയ്യപ്പെട്ടില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ നാടുകളെല്ലാം കാടായിരുന്ന കാലത്ത് ജീവന്‍റെ
ഓരോ പെരുമാറ്റ രീതികളിലും അത് സജീവമായി നിലനിന്നിരുന്നു. ഇപ്പോഴും കാടുകളിലും അത്രതന്നെ വിശുദ്ധമായ മനസ്സുകളിലും അതുണ്ട്.



ചൈതന്യവത്തായ ഓര്‍മ്മ



അപ്പ, അണ്ണന്‍, ഞാന്‍ പിന്നെയൊരു പശുക്കന്നും തേയില എസ്റ്റേറ്റില്‍ നിന്നും മലമ്പാതയിലൂടെ ഇരുപത്താറുമൈല്‍
ദൂരെയുള്ള ഗ്രാമത്തിലേക്ക് നടക്കുകയാണ്. ഓരങ്ങളിലെ പുല്‍ക്കാടുകളെ ചൂണ്ടി ഗ്രാമത്തില്‍ അവയുടെ ദൌര്‍ലഭ്യത്തെ
കുറിച്ച് കുട്ടികളായ ഞങ്ങളോട് അപ്പ സംസാരിച്ചു.

കാട്, ഒരു മൃഗത്തിന്‍റെ സാന്നിദ്ധ്യം, പദയാത്ര, വിദൂര ഗ്രാമത്തിന്‍റെ ആസന്നത...ഈ ഘടകങ്ങളെല്ലാം സമന്വയിക്കുന്ന ഒരു
മാനസികാന്തരീക്ഷം... ഭൂമിയുടെ ഉല്‍പത്തിയേയും പരിണാമങ്ങളെയും കുറിച്ച് ഗന്ധങ്ങള്‍ പകരുന്ന വന്യാനുഭൂതി...
ഇത് എന്നും ചൈതന്യവത്തായ ഓരോര്‍മ്മയായിരിക്കുന്നത് അതുകൊണ്ട് തന്നെ.
.......................................................................

ഏട്, 1991 മാര്‍ച്ച്

.......................................................................


സംവാദം

ഉണ്ണി ബേപ്പൂര്‍
........................................................
എഡിറ്ററുമായുളള തപാല്‍ സംവാദം.
........................................................
ചോദ്യം : ഉപഭോഗ സംസ്കാരം - മലയാളിക്ക്‌ പ്രതികരണ ബോധം നഷ്ടമാകുന്നുവോ?
ഉത്തരം : ഒറീസ്സയിലെ ഗ്രാമത്തില്‍ ഇരുപതോ മുപ്പതോ രൂപയ്ക്ക് തന്‍റെ കുഞ്ഞിനെ വില്പന നടത്താന്‍ ഒരമ്മ പതിനഞ്ച്‌ നാഴിക നടന്നു പോയി എന്ന് കേട്ടാല്‍ നമ്മള്‍ എന്ത് കരുതും? ആ അമ്മ എന്തുകൊണ്ട് ബസ്സില്‍ പോയില്ല എന്ന്, അല്ലെ? കായ വറുത്തതുമുതല്‍ ഗോതമ്പപ്പൊടി വരെയും സൌകര്യപ്രദമായ പേക്കുകളില്‍ ഉള്ളപ്പോള്‍ നമ്മള്‍ മലയാളിക്ക്‌ പ്രതികരണ ശേഷിയും അങ്ങിനെയൊക്കെ പോരെ സര്‍?

ചോദ്യം : ജനപ്രിയ സിനിമകള്‍ സമൂഹത്തില്‍ ക്രിമിനലുകളെ സൃഷ്ടിക്കുന്നുവോ?
ഉത്തരം : വിട്ടോറിയോ ഡീ സിക്ക ( ബൈസിക്കിള്‍ തീവ്സ് ) ലെനിന്‍ രാജേന്ദ്രനെ കണ്ടുപഠിക്കട്ടെ. ജോണ്‍ അരവിന്ദനെ കണ്ടും. ജനറല്‍ രവി, സെവന്‍ ആര്‍ട്സിനെയാകട്ടെ. നമ്മള്‍ ജനങ്ങള്‍ കെ. എസ്. ഗോപാല കൃഷ്ണനെയും...

..............................................................
ഏട്, 1991 മാര്‍ച്ച്

തുരുമ്പ്

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്




ചോദിച്ചു:
'' എന്തേ മിഴിച്ചു നോക്കുന്നത്... നിനക്കെന്നെ അറിയില്ലേ? ''
ഞാന്‍ പറഞ്ഞു:
'' നീയെന്‍റെ കണ്ണീരല്ലേ? ''
കാറ്റു ചോദിച്ചു:
'' എന്തേ ഒരു കാണാത്ത ഭാവം? ''
ഞാന്‍ പറഞ്ഞു:
'' സ്ഥൈര്യമില്ലാത്ത എന്‍റെ ബുദ്ധിയല്ലേ? ''
നട്ടുച്ച ചോദിച്ചു:
'' എനിക്കെന്തെങ്കിലും തിന്നാന്‍ തരുമോ? ''
ഞാനെന്‍റെ തലച്ചോറെടുത്തുകൊടുത്തു. അത് നന്നേ പുളിച്ചിരുന്നു.
പിന്നെ ഞാന്‍ മഞ്ഞു പുതച്ചുകിടന്നു. ദൂരെ നിന്ന് കാളവണ്ടിമണികള്‍ കിലുങ്ങുന്നു. ഇനി കണ്ണടക്കുകയെ വേണ്ടു...

.....................................................................
ഏട്, 1991 മാര്‍ച്ച്

6/27/09

പേടി

പ്രഭാവതി




വാതില്‍ കര്‍ട്ടന്‍റെ ഞൊറികളില്‍ പാതി മുറിയുന്ന ഗദ്ഗദം.
'' മോനേ.. തറവാട് വില്‍ക്കാന്‍.. നിനക്കീ ബുദ്ധി തന്നതാരാ? ''
മകന്‍ മയക്കത്തിലാണ്. മച്ചില്‍ തൂങ്ങികിടക്കുന്ന വവ്വാലിന്‍റെ നിഴലില്‍ ഭീതിയുറഞ്ഞ് വത്സല പറയുന്നു:
'' പ്രിയതമാ, ഇത് പിശാചുക്കളുടെ സങ്കേതം. എത്രയോ മുത്തച്ഛന്‍മാര്‍... അതും കഴിഞ്ഞ് പിഴപ്പിച്ച പെണ്ണുങ്ങളുടെ ഇച്ഛാശക്തികളും ജാര സന്തതികളുടെ ഒടുക്കത്തെ കരച്ചിലും അമര്‍ത്തപ്പെട്ട വികാരങ്ങളും... ഞാനെത്ര വായിച്ചിരിക്കുന്നു, തറവാടുകളുടെ ചരിത്രം! പ്രണയവും പ്രതീക്ഷയും ചാമ്പല്‍ തൂവുന്ന ഈ ശാപ ഗൃഹത്തില്‍ നിന്നും മോചനം വേണം... പ്രിയതമാ, എനിക്ക് പേടിയാകുന്നു. വവ്വാലുകള്‍ മാന്തി പൊളിക്കുന്നത് എന്‍റെ ഹൃദയത്തെയാണ്‌...''

അയാള്‍ പ്രിയതമയുടെ ചകിതമായ കണ്ണുകളില്‍ ചുണ്ടുകളാഴ്ത്തി. പിന്നെ ഇരുട്ടിന്‍റെ കവചത്തില്‍നിന്ന് വാതില്‍ കര്‍ട്ടന്‍റെ ഞൊറികളിലേക്ക് ഇറങ്ങിവന്നു. അവിടെ അര്‍ത്ഥരഹിതമായ ഒരു മൌനവുമേറ്റി, ഭൂതകാലത്തിലേക്ക് നിറം മങ്ങിയ കണ്ണുകളയച്ച്, അമ്മ വളഞ്ഞു കിടക്കുന്നു.
'' അമ്മേ...''
മകന്‍ അമ്മയെ തഴുകി.
'' അമ്മേ, വത്സല പറയുന്നു...''
'' വേണ്ട. ഞാന്‍ എല്ലാം കേട്ടു. എന്‍റെ ശവം കൂടി കെട്ടിയെടുത്തിട്ടേയുള്ളു...''
മകന്‍ പിന്‍മാറിയില്ല.
'' അമ്മേ, എങ്കില്‍ ഞാനും വത്സലയും എങ്ങോട്ടെങ്കിലും പൊയ്ക്കോളാം...''
അമ്മ തകര്‍ന്നു.
'' വേണ്ട മോനേ...മോന്‍റെ ഇഷ്ടം പോലെ ആയ്ക്കോ.. നിയ്യില്ലാതെ അമ്മയ്ക്ക്...''
പിന്നെ മകന്‍ ഇരുളിനെ അരിച്ച് വത്സലയുടെ സാമീപ്യം തേടി.

.........................................................................

6/21/09

ക്ഷമാപണം

മിനി. ആര്‍
















മാപ്പ്,
നിന്നിലെ അനാഥനും
എകാകിയുമായ ബാലനെ,
സര്‍വ്വ മാതാക്കളുടെയും
കനിവില്‍നിന്ന്
ബഹിഷ്കൃതനായ കുട്ടിയെ,
വിജനതയുടെ കാടുകളിലേക്ക്
വലിച്ചെറിഞ്ഞതിന്...
മാര്‍ഗ്ഗദര്‍ശനമേകിയ
വെള്ളിനക്ഷത്രങ്ങളെ
ചുട്ടെരിച്ചതിന്...
വിഹ്വലമായ
നീറുന്ന നിലവിളികളെ
നിസ്സംഗതയുടെ
കടലിലാഴ്ത്തിയതിന്...
അക്ഷരങ്ങളുടെ ജാലവിദ്യയില്‍
നിന്‍റെ കണ്ണുകളെ
ശൂന്യമാക്കിയതിന്...
സ്വപ്നങ്ങളുടെ തോണിയേറ്റി
നിരര്‍ത്ഥകതയുടെ ചുഴികളില്‍
പിടിച്ചു താഴ്ത്തിയതിന്...
നെഞ്ചിലെ സൂര്യനെ
കെടുത്തിയതിന്...
സ്നേഹത്തിന്‍റെ പൂക്കൂട
തല്ലിക്കൊഴച്ചതിന്...
നിന്നെ തകര്‍ത്തതിന്...
മാപ്പ്.
........................................................
മിനി. ആര്‍
........................................................
ഏട്, 1990 ഡിസംബര്‍ , ലക്കം 4
.....................................................
( ചിത്രം ഗൂഗിളില്‍ നിന്നും )

6/20/09

ദരിദ്രന്‍

കെ. എസ്. സജീവ്

വരുടെ കണ്‍കിണറ്റില്‍
കെട്ടിനിറഞ്ഞ ഇടര്‍ജലത്തില്‍
അവരെന്നെ സഹതാപത്തോടെ
തള്ളിയിട്ട്, ഉയിരില്‍ മറഞ്ഞ
മാന്യതയുടെ മുള്ളുകൊണ്ട് ഉഴിഞ്ഞും
പിഴിഞ്ഞും പീഡിപ്പിച്ചുകൊണ്ടിരുന്നു.
ഒടുവിലെന്‍റെ
മെലിവിന്‍റെ മെലിവില്‍ നോക്കി
അവര്‍ പറഞ്ഞു:
നീ ദരിദ്രനാണ്...
ലോകത്തുള്ള
മുഴുവന്‍ ദരിദ്രര്‍ക്കും വേണ്ടി
ഞാന്‍ മൂളി...
......................................................
കെ. എസ്. സജീവ്
......................................................
ഏട്, 1990 ഡിസംബര്‍ , ലക്കം 4
......................................................
( ചിത്രം ഗൂഗിളില്‍ നിന്നും )

കുഞ്ഞുണ്ണിക്കവിതകള്‍

കുഞ്ഞുണ്ണിമാഷ്‌

ഏട്
ഊടുണ്ടെങ്കിലേ
ഏടിനീടുണ്ടാകൂ
കളി
കാമം കൊണ്ട്
കളിക്കേണോ
ഞാന്‍
കാലംകൊണ്ട്
കളിക്കേണോ?
കടങ്കവിത
മലയാളിക്കിനിയും
ഗള്‍ഫില്‍നിന്നും കൊണ്ടുവരുന്ന
കാശുകൊണ്ട് കേരളത്തില്‍
കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍
കെട്ടിയുയര്‍ത്താന്‍ കഴിയട്ടെ.
............................................
ഏടിന്‍റെ പല ലക്കങ്ങളിലായി മാഷ്‌ എഴുതിയ കവിതകള്‍.
............................................
(ഏട് 1990 , 1991 , )

6/19/09

കവിതയും കാലവും

ഡോ. ടി. പി. നാസര്‍





വിതയെ കാലവുമായി ബന്ധപ്പെടുത്തുന്നത് എന്താണ്? കവിത ഒരേ സമയം കവിയുടെ ആത്മകഥയും കാലത്തിനു നേരെ തുറന്നുവെച്ച കണ്ണുകളുമാണ്. '' ഒരു കവിയുടെ കവിത അയാളുടെ ആത്മാവിന്‍റെ മുദ്രകളും കാലത്തിന്‍റെ മുദ്രകളും വഹിച്ചേ പറ്റൂ...'' ( സച്ചിദാനന്ദന്‍ - തെരഞ്ഞെടുത്ത കവിതകള്‍ ) എന്ന കവികളുടെ ശാഠ്യത്തില്‍ തന്നെ ഈയൊരു ധ്വനിയുണ്ട് . കാലവും കവിതയുമായുള്ള ഈ ആത്മ ബന്ധമാണ് കവിതയുടെ മൂല്യ ബോധത്തെ അപ്പപ്പോള്‍ തട്ടിയുണര്‍ത്തുന്നത്‌.

ക്രൂരവും തീഷ്ണവുമായ അനുഭവങ്ങള്‍ സമൂര്‍ത്തമായ മനുഷ്യ പ്രശ്നങ്ങളോടും സമകാലികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളോടും പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നു. ചോദ്യങ്ങളെറിയുന്തോറും നിസ്സഹായാവസ്ഥയും ദൌര്‍ബല്യങ്ങളും തിരിച്ചറിയുന്ന കവി അതിഭാവുകത്വത്തോടെ സംസാരിക്കാന്‍ തുടങ്ങുന്നു. ഉദാഹരണമായി , '' ഭീകരവും ക്രൂരവുമായ ഇത്തരം നിസ്സഹായതയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്‍റെ ഭാഗം മാത്രമാണ് തന്‍റെ കവിത... '' എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടും , '' നഗ്ന പാദനായ് നീ പടിയിറങ്ങി പോകുമ്പോള്‍ കവി മുള്ളുതറച്ചു നില്ക്കുന്നു...'' എന്ന് എ. അയ്യപ്പനും പാടുമ്പോള്‍ തങ്ങള്‍ക്കു സംരക്ഷിക്കാനാകാത്ത, തങ്ങളില്‍നിന്നും നഷ്ടപ്പെട്ടുപോകുന്ന ആത്മ ബോധം മൂല്യച്യുതിയുടെ പ്രതിഫലനം തന്നെയെന്ന്‌ നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്. ഈ മൂല്യശോഷണത്തെ പ്രധിരോധിക്കാനുള്ള കവിയുടെ പരിചയാണ് കവിതയുടെ ശില്പം.

................................................
ഏട്, 1990 ഡിസംബര്‍ , ലക്കം 4
................................................
( ചിത്രം ഗൂഗിളില്‍ നിന്നും )
................................................

വിരുന്നെത്തിയവര്‍

( ആ കാലത്ത് കേരളത്തിന്‍റെ മുക്കിലും മൂലയിലും ഒക്കെ ലിറ്റില്‍ മാസികകള്‍ ഇറങ്ങിയിരുന്നു. അവയില്‍, ഏടില്‍ വരാറുള്ളവയില്‍ ചിലതാണ് താഴെ. കൂടെ മാസിക ഇറങ്ങിയിരുന്ന സ്ഥലവും. )


അമരം - വവ്വാക്കാവ്
അക്ഷരി - കുമരനല്ലൂര്‍
അരങ്ങ് - മക്കരപ്പറമ്പ
അലാറം - വടശ്ശേരിക്കോണം
ഇന്ന് - മലപ്പുറം
ഇരുപത്തൊന്നാം നൂറ്റാണ്ട്‌ - വേളമാനൂര്‍
ഉപധ്വനി - കരമന
ഉണ്മ - നൂറനാട്
ഉറവ - എരമല്ലൂര്‍
കലിക - കണ്ണൂര്‍ സിറ്റി
കുപ്പായം - ഫറൂഖ് കോളേജ് പി. ഒ.
കൃതി - ശാസ്തവട്ടം
ഗസല്‍ - ചന്തിരൂര്‍
ഗ്രാമരശ്മി - മറ്റം
ഘടികാരം - ഇളവട്ടം
തണല്‍ - മേലങ്കോട്
ചിരസ്മരണ - വള്ളിക്കടവ്
നാദം - കളര്‍കോട്
നിര്‍ദ്ദേശം - കരകുളം
നിധി - പെരുമാതുറ
നിലയം - മാട്ടൂല്‍
പണിപ്പുര - നാട്ടിക
പാത - നെടുമങ്ങാട്
മുഖം - വര്‍ക്കല
മേഘധ്വനി - ചെത്തിക്കോട്
മോചനം - ബി. പി. അങ്ങാടി
വലാക - ആതവനാട്
വാര്‍ത്താവേദി - തലശ്ശേരി
വാറോല - ചാവക്കാട്
വിശാല കേരളം - മാട്ടുംഗ, ബോംബെ
വേദി - വെട്ടിമുകള്‍
രചന - അരിയല്ലൂര്‍
സമത - തിരുവനന്തപുരം
സാക്ഷി - ചെനക്കലങ്ങാടി
സൃഷ്ടി - കോഴിക്കോട്

സോഷ്യലിസ്റ്റ്‌ വനിത - നേമം
നിലയം - മാട്ടൂല്‍


( ലിസ്റ്റ് അപൂര്‍ണം )

................................................
ഏട്, 1990 , ലക്കം 4
................................................


6/18/09

ചിത

ബി. എസ്. രാജീവ്‌ / കവിത

ദുരന്തങ്ങളുടെ പാതയില്‍
ജീവിത മാറാപ്പില്‍ നിന്നും
ചിതറിയ തൊണ്ടുകളാല്‍
ചിതയൊരുക്കുന്നു ഞാന്‍.
കുഴച്ച മണ്ണിന്‍ സുഷിരത്തിലൂടെ
അയല്‍ക്കാരന്‍റെ ഗുണന ചിഹ്നമിട്ട
മുടിയോഴിഞ്ഞ ശിരസ്സ്‌ പുറത്തേക്ക് തള്ളുന്നു.
എരിയുന്ന കനലുകള്‍ കൊതിയോടെ
ഭസ്മം പൂശിയ ദേഹത്തെ നനക്കുന്നു.









' തലയിലെഴുത്തുകള്‍ ' തെളിയുന്ന ശിരസ്സുമാത്രം
ആര്‍ത്തിയോടെ എന്നെ നോക്കുന്നു.
വിലാപ വചനങ്ങള്‍ തോരാതെ പെയ്ത വായകള്‍,
മറവിയുടെ നീലക്കയങ്ങളില്‍ മറഞ്ഞോ?
രാത്രിയുടെ ഹസ്തരേഖാ ശാസ്ത്രത്തില്‍
ദുര്‍വിധിക്കോളം
തെളിഞ്ഞു കിടപ്പുണ്ടോ?
...............................................
ബി. എസ്. രാജീവ്‌
...............................................
ഏട്, 1990 സെപ്റ്റംബര്‍, ലക്കം 3
........................................
( ചിത്രം ഗൂഗിളില്‍ നിന്നും )





പ്രായം

കുമുകുമ / കടങ്കഥ
യാദൃഛികമായാണ് പഴയ രണ്ടു സഹപാഠികള്‍ കണ്ടുമുട്ടിയത്‌.
അവള്‍ പറഞ്ഞു:
'' യ്ക്പ്പത്താറഴിഞ്ഞു...''
അവന്‍ പറഞ്ഞു:
'' യ്ക്പ്പത്തഞ്ചായി...''
.....................................................
കുമുകുമ
.....................................................
ഏട്, 1990 സെപ്റ്റംബര്‍, ലക്കം 3
.....................................................
( ചിത്രം ഗൂഗിളില്‍ നിന്നും )
....................................................

നിഴല്‍

ആര്‍. ജയപ്രസാദ് / കവിത


നിഴലേവര്‍ക്കും കൂട്ടാണ്,
തുണയില്ലാത്തവര്‍ക്കും.
പക്ഷെ,
ഇരുളിലവന്‍ വരില്ല.
വെളിച്ചത്തില്‍ അവനെന്നും
സുഹൃത്ത്.
........................................
ഏട്, 1990 സെപ്റ്റംബര്‍, ലക്കം 3
........................................
( ചിത്രം ഗൂഗിളില്‍ നിന്നും )

കത്തുകള്‍

കത്തുകള്‍

1990 സെപ്റ്റംബര്‍ ലക്കത്തില്‍ വന്ന പ്രതികരണങ്ങള്‍.

സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതീകാത്മകമായി പ്രസിദ്ധീകരിച്ചതിന് പാത മാസികയുടെ പത്രാധിപരായ നടരാജന്‍ ബോണക്കാടിനെ പോലീസ്‌ അറസ്റ്റുചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തിരിക്കുന്നു. 24 മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചാല്‍ കോടതിയില്‍ ഹാജരാക്കണമെന്ന നിയമം ലംഘിച്ച് മൂന്നുദിവസം ലോക്കപ്പില്‍ പാര്‍പ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ഉണ്ടായി. ഇത് ഇന്നത്തെ ജനാധിപത്യ മര്യാദകള്‍ക്ക് വിരുദ്ധവും നിലവിലുള്ള പൌരാവകാശങ്ങള്‍ക്കു നേരെയുള്ള കത്തിവെക്കലുമാണ്. ഈ സംഭവത്തില്‍ കേരളത്തിലെ മിനി - ഇന്‍ലാന്‍റ് മാസികകളോടൊപ്പം ഏടും പ്രതികരിക്കുക.
- എം. ബി. ഷൈജു, നെടുമങ്ങാട്.

ജീവിത സത്യങ്ങളെ വെറും ക്യാപ്സൂളുകളില്‍ ഒതുക്കുന്ന ലിറ്റില്‍ സാഹിത്യ രീതിക്ക് അടിമപ്പെട്ടുപോകരുത്. സാഹിത്യ സംസാരങ്ങളില്‍ ലിറ്റില്‍ സാഹിത്യവും ഇന്‍സ്റ്റോള്‍മെന്‍റ് സാഹിത്യവുമൊക്കെ പരിഹാസ്യമാക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.
- ബാബുരാജ്‌. കെ. ടി. കണ്ണൂര്‍

ഇപ്പോഴൊരു വാര്‍ത്ത അറിയാനായി. നെടുമങ്ങാട്ടുനിന്നും പ്രസിദ്ധീകരിക്കുന്ന പാത മാസികയുടെ പിറന്നാള്‍ പതിപ്പില്‍ '' ഞങ്ങളുടെ കോളനിയിലെ സുന്ദരികളുടെ കഥ '' എന്ന ലേഖനം എഴുതിയതിനെ ചൊല്ലി പത്രാധിപരെ നിയമപാലകര്‍ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെക്കുകയും പീഢിപ്പിക്കുകയും ചെയ്തു. ലിറ്റില്‍ മാഗസിന്‍ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായേക്കാം ഇത്. വിധ്വംസനങ്ങള്‍ക്കെതിരെ എങ്ങിനെയാകും പ്രതികരിക്കാനാവുക?
- മിനി, ചിറയിന്‍കീഴ്‌

പ്രഭാവതിയുടെ വാങ്മയവും ഗിരീഷിന്‍റെ ശാന്തമെന്നു പറഞ്ഞ കാക്കയും രണ്ടാം ലക്കത്തെ സമ്പുഷ്ടമാക്കി.
- കുരീപ്പുഴ ശ്രീകുമാര്‍

മലയാള സാഹിത്യം വലിയൊരു സ്തംഭനാവസ്ഥയിലാണ്. അതിനെ ദൂരീകരിക്കാന്‍ കഴിയുന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കെ ഇന്ന് പ്രസക്തിയുള്ളൂ. ഒരു ഇന്‍ലാന്‍റ് മാസികയായാലും ഇത്തരമൊരു ലക്‌ഷ്യം മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കണം. ഏടില്‍ എഴുതുന്നവര്‍ പുതിയ തലമുറയില്‍ ഉള്ളവരാണല്ലോ? മുതിര്‍ന്ന തലമുറയെ അവരുടെ അലസതയില്‍ നിന്നും ഞെട്ടിപ്പിക്കാനുതകുന്ന രചനകള്‍ക്ക്‌ വേണ്ടിയാകണം ഏട്.
- സി. ആര്‍. പരമേശ്വരന്‍

ഏടിന് വേണ്ടി എഴുതിയിരുന്നല്ലോ? വളരെ ചെറിയ കഥയെഴുതാനുള്ള പ്രയാസം കൊണ്ടാണ് അയക്കാത്തത്. വിചാരിച്ചുവെങ്കിലും അത്തരമൊന്ന് രൂപപ്പെടുത്താനായില്ല. വൈകാതെ കഴിയുമെന്ന് കരുതുന്നു.
- അശോകന്‍ ചരുവില്‍
.....................................................

6/17/09

ബീരാന്‍ ഉണങ്ങി

ഹംസ കയനിക്കര / കഥ

ബീരാന്‍ അങ്ങാടിയിലൂടെ പാഞ്ഞു. ബീരാന്‍ പായുകയായിരുന്നില്ല. കാറ്റുപോലെ കുതിക്കുകയായിരുന്നു. ചുക്കിന്‍റെയും കുരുമുളകിന്‍റെയും എരിവുള്ള ഗന്ധം അവനെ പിന്തുടര്‍ന്നു.

നാളേറെയായി ബീരാന്‍ പേടിച്ചുനടന്നിരുന്ന സേട്ടു അവനെ പിന്തുടരുകയാണ്. നഗരത്തിലെ എല്ലാ ഇടുങ്ങിയ വഴികളിലൂടെയും ബീരാന്‍ ജീവനുംകൊണ്ട് ഓടി. ഒടുവില്‍ ബീരാന്‍ സേട്ടുവിന്‍റെ കയ്യില്‍ അകപ്പെട്ടു. പാഞ്ഞുകൊണ്ടിരുന്ന രിക്ഷയില്‍നിന്നും രക്ഷപ്പെടാന്‍ ബീരാന്‍ പഴുതുകള്‍ നോക്കി.

റിക്ഷ സേട്ടുവിന്‍റെ വലിയ പാണ്ടികശാലയുടെ മുന്‍പില്‍ നിന്നു. പാണ്ടികശാലയിലെ പണിക്കാര്‍ ബീരാനെ വാരിയെടുത്ത് ചുക്കും കുരുമുളകും ഉണക്കുന്ന തലത്തില്‍ കൊണ്ടുചെന്നിട്ടു. ബീരാന്‍ സേട്ടുവിനെ ദീനമായി നോക്കി. സേട്ടുവിന്‍റെ തൊട്ടരുകില്‍ ആജാനുബാഹുവായ ഒരു മനുഷ്യന്‍. അയാള്‍ വടക്കേ ഇന്ത്യയിലെ വലിയ ബിസിനസ്സുകാരനായ മറ്റൊരു സേട്ടുവാണ്. അവര്‍ ബീരാനെ വിലപേശുന്നു. അവരുടെ ക്രൂരമായ ചിരി ബീരാനെ ഭയപ്പെടുത്തി. ചുട്ടുപൊള്ളുന്ന തളത്തില്‍ കിടന്ന് ബീരാന്‍ പിടഞ്ഞു.

ഇപ്പോള്‍ ബീരാന്‍ പൂര്‍ണ്ണമായും ഉണങ്ങിക്കഴിഞ്ഞു. നല്ല പാകത്തിനുള്ള ഉണക്കം. സേട്ടുവിന് സന്തോഷമായി. ഉണങ്ങിയ ബീരാനെ ചാക്കില്‍ നിറച്ചു. അവനെയും വഹിച്ചുള്ള ഗുഡ്സ്‌ വണ്ടി വടക്കേ ഇന്ത്യയിലേക്ക്‌ പാഞ്ഞുകൊണ്ടിരുന്നപ്പോള്‍, ബീരാന്‍റെ തലയിലെ തീപിടിച്ച കഞ്ചാവ് വനത്തില്‍ മഴ പെയ്യാന്‍ തുടങ്ങി.

...................................................

ഹംസ കയനിക്കര

...................................................

ഏട്, 1990 ജനുവരി ലക്കം 2
( ചിത്രം ഗൂഗിളില്‍ നിന്നും )

..................................................

വിദ്യാലയത്തിലെ ഒരു ദിനം.

സുനില്‍. കെ. പൂലാനി




ക്ലാസ്സ് മുറിയിലെ
മാറാല വീണ മച്ചില്‍ നോക്കി
ഉത്തരങ്ങള്‍ കണ്ടെത്തുന്നു.
അദ്ധ്യാപകന്‍റെ ആത്മാര്‍ത്ഥതയറ്റ മുഖം
വേദനയ്ക്ക് പകരം നിസ്സംഗത മാത്രം
സമ്മാനിക്കുന്നു.
യാന്ത്രികമായ മന്ത്രമുരുവിടല്‍ പോലെ
അദ്ധ്യാപകന്‍ വിദ്യ അഭ്യസിപ്പിക്കുന്നു.
ദുര്‍ഗ്രാഹ്യതയുടെ ഉച്ചസ്ഥിതിയില്‍
മുകളിലെങ്ങോ ഗൌളി ചിലക്കുന്നു.
വിദ്യ ചെറു സുഷിരങ്ങളിലൂടെ
പ്രവേശിക്കുന്നു.
വിദ്യാര്‍ത്ഥികള്‍
മനോമണ്ഡലത്തില്‍
മുഴുകുന്നതിനിടയില്‍
എപ്പോഴോ മണി മുഴങ്ങുന്നു.
പിടഞ്ഞെണീറ്റ കണ്ണുകളില്‍
രക്ഷാഭാവം.
...........................................
സുനില്‍. കെ. പൂലാനി
.............................................
ഏട്, 1990 ജനുവരി ലക്കം 2
...........................................
( ചിത്രം ഗൂഗിളില്‍ നിന്നും )

6/16/09

മോക്ഷം

കവിത / കെ.പി.രമേഷ്


പട്ടിയെ കല്ലെറിയും മുന്‍പ് അയാള്‍ ചോദിച്ചു:
'' മോക്ഷം എന്നാല്‍ എന്ത്? ''
പട്ടി പറഞ്ഞു:
'' സായുധ വിപ്ലവങ്ങള്‍ക്ക് നടുവില്‍
ഉഴറുന്നവന് ലഭിക്കുന്ന
അപൂര്‍വ്വതയാണ് മോക്ഷം.
ജനിക്കും മുമ്പ്
മരിക്കുന്നവന് ലഭിക്കുന്നതും
വിഘ്നങ്ങള്‍ സഹിക്കുന്നവന്
വഴി തെളിയുന്നതും
മോക്ഷം തന്നെ...''
കല്ല്‌ താഴെയിട്ട്
അയാള്‍ ചിന്തയിലാണ്ടു.
...........................................
കെ. പി. രമേഷ്
...........................................
ഏട്, 1990 ജനുവരി ലക്കം 2
...........................................
( ചിത്രം ഗൂഗിളില്‍ നിന്നും )

കത്തുകള്‍

1990 ജനുവരി ലക്കത്തില്‍ വന്ന പ്രതികരണങ്ങള്‍.

കുറിപ്പ് ആഹ്ലാദമായി. മൂല്യം നിര്‍ണ്ണയിക്കുന്ന ഒരേട്‌, കാലത്തിന്‍റെ ഏട്, ഉള്‍ക്കണ്ണുള്ള ഏട് സാധിക്കുമാറാകട്ടെ.
- എന്‍. പി. ഹാഫിസ്‌ മുഹമ്മദ്.
.................................................
ഏട്, മാനവികതയുടെ, മനുഷ്യത്വത്തിന്‍റെ സ്വന്തമാകട്ടെ.
- സതീഷ്‌ ആലപ്പുഴ.
.................................................
ഏട് കണ്ടു. കുറച്ചധികം പേരോട് ഏടിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. വിജയാശംസകള്‍
- എം. ജി. ശശികുമാര്‍
.................................................
സാഹിത്യം മാത്രമല്ല, ജനകീയ പ്രശ്നങ്ങളും മിനി മാഗസിനുകള്‍ ഏറ്റെടുക്കണം. ഉത്തരവാദിത്വം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.
- ശങ്കരന്‍ കോറോം
.................................................
മിനിമാസികകളെ ഗൌരവപൂര്‍വ്വം കാണുന്നുവെന്നതില്‍ സന്തോഷം. ഏടിന് എല്ലാവിധ വിജയങ്ങളും നേരുന്നു.
- ബി. എസ്. രാജീവ്
.................................................
വാര്‍ഷികപതിപ്പിന്‍റെ തിരക്കുപിടിച്ച യാത്രയിലായിരുന്നു. സഹകരണം എന്നും ഉണ്ടാകും.
- റസാക്ക് പയമ്പ്രോട്ട്
.................................................
കത്തിന് ഒത്തിരി നന്ദി. കയ്യിലിപ്പൊ നല്ല കഥയൊന്നും ഇല്ലല്ലോ? എഴുതുമ്പോള്‍ അയച്ചുതരാം.
- പത്മജ തങ്കച്ചി
.................................................
ഈടുറ്റ പ്രസിദ്ധീകരണമായി മാറാന്‍ ഏടിന് കഴിയട്ടെ എന്നാശംസിക്കുന്നു. ലിറ്റില്‍ മാഗസിനുകള്‍ ഇന്നത്തെ കേരളത്തില്‍ വളരെ ശ്രദ്ധയര്‍ഹിക്കുന്നു. വൈകിയാണെങ്കിലും മുതിര്‍ന്നവര്‍ ഈ ഭൂമരങ്ങളെ ആശംസിച്ച് തുടങ്ങിയിരിക്കുന്നു, എന്നതില്‍ നമുക്ക് ആഹ്ലാദത്തിന് വകയുണ്ട്.
-കെ. പി. രമേഷ്
.................................................
ഏട്ടിലെ പശു പുല്ലുതിന്നില്ലെങ്കിലും ഏടിലെ വാക്കുകള്‍ അമൃതം ചുരത്തട്ടെ.
- കെ. പി. രാമനുണ്ണി.

ഗ്രാമവും നഗരവും

ഗിരീഷ്‌ അത്താണിക്കല്‍
'' എനിക്കിവിടം മടുത്തു, നമുക്ക്‌ നഗരത്തിലേക്ക് പോകാം...''
പെണ്‍കാക്ക, ആണ്‍ കാക്കയോട് പറഞ്ഞു.
പിന്നെ, ഗ്രാമത്തില്‍ വസിക്കുന്ന അവള്‍ നഗരത്തെക്കുറിച്ച് താന്‍ കേട്ടിട്ടുള്ള അത്ഭുതകഥകളൊക്കെ ആണ്‍ കാക്കയെ ധരിപ്പിച്ചു. ആണ്‍ കാക്ക അവളുടെ ആഗ്രഹത്തിന് എതിരുനിന്നില്ല.
പ്രായം ചെന്ന ചില കാക്കകള്‍, നഗരത്തിന്‍റെ ഭീകരതയെക്കുറിച്ച് അനുഭവസഹിതം വിവരിച്ചെങ്കിലും ഫലമുണ്ടായില്ല.
........................................
'' എന്‍റെ വയറുകത്തുന്നു. നമുക്ക്‌ തിരിച്ചുപോവാം...''
നഗരത്തില്‍വെച്ച് അസഹനീയമായ നിരാശയോടെ പെണ്‍കാക്ക പറഞ്ഞു.
ആണ്‍ കാക്ക അതും എതിര്‍ത്തില്ല.
പോകും വഴി കൂറ്റന്‍ ഫാക്ടറിയില്‍ നിന്നുമുയര്‍ന്ന കട്ട പിടിച്ച പുക, വിശന്നവശരായ കാക്കകളുടെ യാത്രയെ ബുദ്ധിമുട്ടിച്ചു. ക്ഷീണിച്ചവശയായ പെണ്‍ കാക്ക തൊട്ടു മുന്നില്‍ കണ്ട ഇലക്ട്രിക്‌ ലൈനില്‍ വിശ്രമിക്കാനിരുന്നു. അടുത്ത നിമിഷം...
.......................................
'' നഗരമെങ്ങിനെ? ''
ഏകനായി തിരിച്ചുവന്ന ആണ്‍ കാക്കയോട് ഗ്രാമത്തിലെ മറ്റു കാക്കകള്‍ ചോദിച്ചു.
നനഞ്ഞ സ്വരത്തില്‍ ആണ്‍ കാക്ക പറഞ്ഞു :
'' ശാന്തം... വളരെ ശാന്തം...''
.............................................
ഗിരീഷ്‌ അത്താണിക്കല്‍
............................................
ഏട്, 1990 ജനുവരി ലക്കം 2
( ചിത്രം ഗൂഗിളില്‍ നിന്നും )

6/14/09

വാങ്മയം

കഥ / പ്രഭാവതി





ഓര്‍മ്മയില്‍നിന്നും രസമൂറി അവള്‍ പറഞ്ഞുകൊണ്ടിരുന്നു.


'' അപ്പൂപ്പനും അപ്പൂപ്പന്‍റപ്പൂപ്പനും ആനയും കുതിരയും ഉണ്ടായിരുന്നു. അംഗരക്ഷകരുണ്ടായിരുന്നു...''


ഗോപുരമുഖപ്പിന്‍ അലങ്കാര ദര്‍പ്പണം ഉദ്യാനവ്യാപിയിലെ സ്നാനകേളികള്‍ പ്രതിഫലിപ്പിച്ചു.


'' നമ്മുടെ അമ്മൂമമാര്‍ വനദേവതമാരായിരുന്നു, മോനേ...''


'' അപ്പഴേ... മാളികകള്‍ എണ്ണത്തില്‍ എത്രെണ്ടമ്മേ?''


പെട്ടെന്ന് ഭാണ്ഡം ഒരു തുടര്‍ച്ച പോലെ റോഡിലേക്കുരുളുന്നു.


'' നാശങ്ങള്‍, സൂര്യന്‍ ഉച്ചിയിലെത്തിയാലും പോവില്ല...''





കടയുടമ പൂട്ട് തുറന്നുതുടങ്ങി.

.................................................................................

പ്രഭാവതി



.................................................................................

ഏട്, 1990 ജനുവരി ലക്കം 2



( ചിത്രം ഗൂഗിളില്‍ നിന്നും )

നിരക്ഷരമനസ്സ്

നടരാജന്‍ ബോണക്കാട്

നെഞ്ചിലെ കുരുതിച്ചോര വീണഴുകിയ ദുരിതങ്ങളുടെ ചവറ്റുകൂനയ്ക്കടിയില്‍ ഒരു മരതകക്കല്ലിനുള്ളിലെ സംഗീതം കാത്തുവെക്കപ്പെട്ടിരിക്കുന്നു. ഒരുനാളത് വാക്കുകളായി രൂപാന്തരപ്പെടും; ആ കാലം വരും.

..................................................................................................

ഏട്, 1990 ജനുവരി ലക്കം 2

നോവലും നോവലിസ്റ്റും

സി. ആര്‍. പരമേശ്വരന്‍

നോവലിന്‍റെ സമാന്തര ധാരയെക്കുറിച്ചാണല്ലോ എഴുതാന്‍ പറഞ്ഞത് ? അങ്ങനെ ഒന്നുണ്ടെങ്കില്‍ തന്നെ അത് വളരെ പ്രക്ഷീണമാണ്. അടിയുറച്ച മൂല്യബോധവും അതിനാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ദര്‍ശനവും ഉള്ള നോവലിസ്റ്റുകള്‍, മുതലാളിത്ത വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയോട്‌ cope up ചെയ്യാനാകും വിധം സ്വയം രാഷ്ട്രീയവല്‍കരിച്ചിട്ടുള്ള നോവലിസ്റ്റുകള്‍ നമുക്കിന്ന് വളരെ കുറവാണ്. ഉള്ളത് ജീവിതത്തെക്കുറിച്ച് ഭാഗിക ദര്‍ശനമുള്ള അരാഷ്ട്രീയക്കാരും, യാന്ത്രിക മാര്‍ക്സിസത്താല്‍ കണ്ടീഷന്‍ ( condition ) ചെയ്യപ്പെട്ട കക്ഷി രാഷ്ട്രീയക്കാരുടെ ആശ്രിതരുമാണ്.

വില്‍പ്പനയ്ക്ക് മാത്രമല്ലാതെ ആത്മാവിഷ്കാരം ലകഷ്യമാക്കി എഴുതുന്നവര്‍ വളരെ കുറവാണ്. ആനന്ദ്‌ മാത്രമാണ് ഒരു അപവാദം. അതാണ്‌ കോവിലന്‍ പറഞ്ഞത് ആനന്ദ്‌ ഒഴികെ മറ്റെല്ലാവരും പൈങ്കിളി നോവലിസ്റ്റുകളാണെന്ന്.

...............................................................................................................................
സി. ആര്‍. പരമേശ്വരന്‍

(നോവലിന്‍റെ സമാന്തര ധാരയെക്കുറിച്ച് എഡിറ്റര്‍ അഭിപ്രായം ആരാഞ്ഞപ്പോള്‍ എഴുതിയ മറുപടി.)

................................................................................................................................
ഏട്, 1990 ജനുവരി ലക്കം 2

ജോണ്‍ സ്മൃതി

അനുസ്മരണം
''സര്‍വ്വാസ്തിത്വത്തിന്‍റെയും സ്ഥിരീകരണമായിരുന്നു ജോണിന്‍റെ അനര്‍ഗ്ഗളമായ നാടോടി ജീവിതം. അതിന് ധാര്‍മ്മികതയൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ആഴമുള്ള ഉത്കണ്ഠകള്‍ ഉണ്ടായിരുന്നു. അമ്മയോടുള്ള അസൂയ , ജോണിനെ ഒരു നാര്‍സിസ്സാക്കുമായിരുന്നു. സൃഷ്ടി സ്ഥിതി സംഹാര ശക്തികളെല്ലാം തന്നില്‍ തന്നെ ആരോപിക്കുന്ന ഒരു കുട്ടി നാര്‍സിസ്. നമ്മളിലെല്ലാമുണ്ട് ഒരു പരിധി വരെ അമ്മയോട് ഈ അസൂയ. എന്നും ചുരത്തുമായിരുന്ന അമ്മയുടെ മുലകളെ നാം കുടിച്ചു വറ്റിച്ചത് അതുകൊണ്ടായിരിക്കാം. ജോണ്‍ കുപ്പികള്‍ വറ്റിച്ചിരുന്നതുപോലെ... ''

- കുമാര്‍ സാഹ്നി


...................................................................................................................................


'' ജോണിനെ കുറ്റപ്പെടുത്താന്‍ പലതും ഉണ്ടായിരുന്നു. പക്ഷെ ആ പ്രതിഭ അതിനൊക്കെ അതീതമായിരുന്നു.


- ഒ. വി. വിജയന്‍


.........................................................................................................


'' പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ട് സൃഷ്ടിച്ച രണ്ടോ മൂന്നോ പ്രതിഭാ ശാലികളില്‍ ഒരാള്‍ ജോണാണ്. ''


- ശ്യാം ബെനഗല്‍


........................................................................................................


'' ആത്മനാശത്തിന്‍റെ വക്കോളമെത്തുന്ന സ്വയം പീഢനത്തിലൂടെ വിരിയുന്ന കാല്‍പ്പനികതയും മധുര വൈരുദ്ധ്യവും സമ്പത്തായുള്ള കലാകാരനായിരുന്നു ജോണ്‍ എബ്രഹാം...''


- ഡേവിഡ്‌ റോബ്സണ്‍


.......................................................................................................


'' ഐസന്‍ സ്റ്റീന്‍റെ ബാറ്റില്‍ ഷിപ്പ് പൊട്ടന്‍കിനുശേഷം അത്രയും ഡയനമിക്കായ ഒരു സിനിമ ഞാന്‍ കാണുന്നത് ജോണിന്‍റെ അമ്മ അറിയാന്‍ ആണ്. ''

- കാക്കനാടന്‍


......................................................................................................


ഏട് 1988 ഒക്ടോബര്‍ / ജോണ്‍ അനുസ്മരണപ്പതിപ്പ്

6/13/09

അമ്മ അറിയാന്‍

സിനിമ

ഭാരതീയന്‍റെ അമ്മയെന്ന സങ്കല്പം ശക്തിയുടെ ഉറവിടമാണ്. സുഖവും ദുഃക്കവും വരുമ്പോള്‍ മനുഷ്യമനസ്സുകളില്‍ അമ്മ ഉണരുന്നു. ആര്‍ഷ സംസ്കാരത്തെ അടിസ്ഥാനപ്പെടുത്തിയാലും സ്ത്രീ ശക്തിയുടെ ഉറവിടം തന്നെയെന്ന്‌ കാണാന്‍ കഴിയും. ഭാരതീയമായ ഈ സങ്കല്പം നിറഞ്ഞുനിന്ന സിനിമയാണ് ജോണ്‍ എബ്രഹാമിന്‍റെ '' അമ്മ അറിയാന്‍. ''

എല്ലാ ഇതിഹാസങ്ങളിലും തത്വ സംഹിതകളിലും അമ്മ നിറഞ്ഞു നില്‍പ്പുണ്ട്‌. നിര്‍ഭാഗ്യവശാല്‍ ആധുനിക ലോകത്തിന് ഇത് നഷ്ടമായതില്‍ ജോണ്‍ എന്നും ഖേധിച്ചിരുന്നു. മക്കളുടെ ചിന്തകള്‍ക്ക് മുന്‍പില്‍ ഉത്തരം നല്കാനില്ലാതെ അമ്മമാര്‍. കോങ്ങാട്ടും പുല്‍പ്പള്ളിയിലുമൊക്കെ തലവെട്ടി വിപ്ലവത്തിന് മുതിര്‍ന്ന യുവാക്കള്‍ അതിന് മുന്‍പ് സ്വന്തം അമ്മമാരോട് അനുവാദം ചോദിച്ച് അതെല്ലാം ചെയ്തിരുന്നെങ്കില്‍ എന്ന് ജോണ്‍ ആശിച്ചിരുന്നത് വെറുതെയല്ല. അമ്മയുടെ അനുവാദത്തോടുകൂടിയുള്ള ഒരു പ്രവൃത്തിയും തോല്‍ക്കുകയില്ല. താന്‍ ഉള്‍ക്കൊള്ളുന്ന പ്രവൃത്തിയുടെ ഉദ്ദേശശുദ്ധിയെപ്പറ്റി മകന് അമ്മയെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അവന്‍റെ കയ്യില്‍ ആയുധം നല്കുക അമ്മയായിരിക്കും. ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ മക്കള്‍ അമ്മയുമായി പങ്കുവെക്കണമെന്ന് ജോണ്‍ ആഗ്രഹിച്ചിരുന്നു.

ഒരു നിഗൂഡമായ ആത്മഹത്യയില്‍നിന്നാണ് അമ്മ അറിയാന്‍ തുടങ്ങുന്നത്. എഴുപതുകളുടെ മദ്ധ്യത്തില്‍ കുറെ യുവാക്കള്‍ തുടരെത്തുടരെ ആത്മഹത്യ ചെയ്യുകയുണ്ടായി. അവരിലേറെയും അന്നത്തെ തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആയിരുന്നു. മറ്റെന്തിലുമുപരി പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ചവര്‍. അവരുടെ മനസ്സ് ക്രൂരമായി മര്‍ദ്ധിക്കപ്പെട്ട അവസരങ്ങള്‍ ഉണ്ടായി. ഈ ചെറുപ്പക്കാരില്‍ പലരും ജോണുമായി പരിചയം ഉള്ളവരായിരുന്നു. ആ സംഭവങ്ങള്‍ ജോണിന്‍റെ മനസ്സില്‍ മുറിവായി എന്നും ഉണ്ടായിരുന്നു. അമ്മ അറിയാന്‍ ആത്മഹത്യയില്‍ നിന്നും തുടങ്ങുന്നത് സ്വാഭാവികം മാത്രം.
അമ്മയോട് അനുമതി വാങ്ങി വീട്ടില്‍നിന്നും ഇറങ്ങിയ യുവാവ് തന്‍റെ യാത്രക്കിടയില്‍ വഴിയില്‍ ഒരു ശവം കാണാന്‍ ഇടവരുന്നു. നല്ല പരിചയമുള്ള മുഖം ആയിരുന്നെങ്കിലും ആളെ വ്യക്തമായില്ല. എങ്കിലും ത് ഹരിയാണെന്ന് അയാള്‍ തിരിച്ചറിയുന്നു. ആ മരണ വാര്‍ത്ത അറിയിക്കാന്‍ ഹരിയുടെ അമ്മയെ തേടി അയാള്‍ യാത്ര തുടങ്ങുന്നു.
ഈ യാത്രക്കിടയില്‍ ഒട്ടേറെ പരിചിതരെ കണ്ട് വിവരമറിയിക്കുന്നു. ഹരിയുടെ അമ്മയെ തേടിയുള്ള യാത്രയില്‍ അവരും പങ്കാളികളാകുന്നു.

യുവ വിപ്ലവകാരിയും തബലിസ്റ്റുമായ ഹരി എന്ന ചെറുപ്പക്കാരന് നേരിടേണ്ടി വന്ന ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ മൃഗീയ മര്‍ദ്ധനം. ഹരിയെ ക്രൂരമായി മര്‍ദ്ധിക്കുന്ന, ഹരിയുടെ കൈവിരലുകള്‍ ചവിട്ടിയരക്കുന്ന പോലീസിനെ സിനിമയില്‍ നമ്മള്‍ കാണുന്നുണ്ട്.
.............. ............... .............
ഉപഹാര്‍ തിയ്യറ്ററില്‍ അമ്മ അറിയാന്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞപ്പോള്‍, നിശ്ശബ്ദതയെ ഭഞ്ജിച്ച് ഒരു പൊട്ടിക്കരച്ചില്‍ ഉയര്‍ന്നു. പ്രസിദ്ധ നിരൂപകന്‍ വാറിംഗ്ടണ്‍ എന്ന വയോവൃദ്ധനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നത് ജോണ്‍ അല്ലാതെ മറ്റാരും ആയിരുന്നില്ല.
............................................................................................................................
ഏട് 1988 ഒക്ടോബര്‍ / ജോണ്‍ അനുസ്മരണപ്പതിപ്പ് ( തയാറാക്കിയത് എസ്കെ )








6/11/09

അഗ്രഹാരത്തില്‍ കഴുതൈ.





സിനിമ


ജോണ്‍ എബ്രഹാമിന്‍റെ വളരെ പ്രശസ്തമായ ഒരു സിനിമയാണ് അഗ്രഹാരത്തില്‍ കഴുതൈ. തമിഴില്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ ബാഹ്യതലത്തില്‍ ഒരു ഹാസ്യാത്മകത ജോണ്‍ നല്‍കിയിട്ടുണ്ട്. സ്ത്രീയുടെ പ്രസക്തിയെപ്പറ്റിയുള്ള ഒരു അന്വേഷണമുണ്ട് ഇതില്‍. ഒപ്പം ആര്യവല്‍ക്കരണത്തിലൂടെ വ്യക്തിത്വ ശോഷണം വന്ന ദ്രാവിഡ തനിമയെക്കുറിച്ചും.

അഗ്രഹാരത്തില്‍ കഴുതൈ ബ്രാഹ്മണ ജനതയുടെ അനാചാരങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അതുകൊണ്ട് കഴുത പ്രദര്‍ശിപ്പിക്കാന്‍ തമിഴ്‌നാട്ടിലെ തിയ്യറ്റര്‍ ഉടമകള്‍ തയ്യാറായില്ല. എന്നിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ഈ സിനിമയ്ക്ക് നല്കി. ഇന്ത്യന്‍ സിനിമയിലെ ഇന്ത്യനിറ്റിയെപ്പറ്റി അന്വേഷിക്കുന്നവര്‍ക്ക് കഴുതയെ വിസ്മരിക്കുക അസാധ്യമാണ്.

പെസോറാമില്‍ ഒരു ഫിലിം ഫെസ്റ്റിവലില്‍ കഴുതയുടെ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ പ്രശംസിക്കാന്‍ ചാടിയെണീറ്റ ലോക പ്രശസ്ത സിനിമാ നിരൂപകനെ ജോണ്‍ കൂവിയിരുത്തിയത് കുമാര്‍ സാഹ്നി ഒരു അനുസ്മരണക്കുറിപ്പില്‍
എഴുതിയിട്ടുണ്ട്. ചെല്ലാനത്തെ മണല്‍തീരത്തും
ഇറ്റലിയിലെ ഫെസ്റ്റിവല്‍ ഹാളിലും ഒരേപോലെ പൊള്ളയായ പ്രസംസകളെ ജോണ്‍ തള്ളിക്കളഞ്ഞു. തന്‍റെ
കലാസൃഷ്ടി സമൂഹത്തിനുള്ള സമര്‍പ്പണമാണെന്ന് ഒരു കൂവല്‍ കൊണ്ടോ ചില മൌനം കൊണ്ടോ ജോണ്‍ ഓര്‍മ്മിപ്പിച്ചു.





മെത്രോപോലിത്തയെപ്പറ്റി ഒരു ഡോക്യുമെന്‍ററി നിര്‍മ്മിക്കാന്‍ സ്വന്തം സഹോദരി നല്‍കിയ പണമാണ് കഴുതക്കുവേണ്ടി ജോണ്‍ ഇന്‍വെസ്റ്റ്‌ ചെയ്തതത്രെ.

.....................................................................................................
1988 ഒക്ടോബര്‍ / ജോണ്‍ അനുസ്മരണപ്പതിപ്പ് ( തയാറാക്കിയത് എസ്കെ )

6/10/09

ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍

സിനിമ

ചെറിയാച്ചന്‍റെ അമ്മയുടെ ശവക്കല്ലറ സംസാരിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. മരിച്ചുപോയ ആ അമ്മ സംസാരിച്ചത്‌ ഇങ്ങനെ: '' ചെറിയാച്ചന്‍റെ അമ്മയാണ് ഞാന്‍. ഒരെറുമ്പിനെപ്പോലും നോവിക്കാത്തവനായിരുന്നു അവന്‍. അവന്‍ പാവമാണ്. അവന്‍ എന്‍റെ കൂടെ വന്നുചേരുന്നത് എങ്ങിനെയെന്ന് കാണുക...''


ചില കര്‍ഷകതൊഴിലാളികളെ ഭൂപ്രഭുക്കള്‍ കൊല ചെയ്യുന്നതിന് സാക്ഷിയാകേണ്ടിവന്ന ഒരു ഇടത്തരം കര്‍ഷകനായിരുന്നു ചെറിയാച്ചന്‍. താന്‍ സാക്ഷിയാകേണ്ടി വന്ന ക്രൂരക്രുത്യങ്ങള്‍ക്ക് താനാണ് ഉത്തരവാദി എന്ന് ചെറിയാച്ചന് തോന്നുകയാണ്. ആ പാപഭാരം വേട്ടയാടപ്പെടുന്നതനുസരിച്ച് പോലീസ്‌ തന്നെ പിന്തുടരുന്നതായി അയാള്‍ക്കനുഭവപ്പെടുന്നു. അങ്ങനെ അയാള്‍ ദൈവത്തിങ്കല്‍ ശാന്തി തേടുന്നു.

പിന്നെ സാക്ഷാല്‍ പള്ളിവികാരി പോലും ഭൂവുടമയുടെ പക്ഷത്താണെന്ന് ചെറിയാച്ചന്‍ മനസ്സിലാക്കുന്നു. ഇതിനിടയില്‍ കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ജഢം കാണാനിടവന്നു. കൊലപാതകത്തെക്കുറിച്ചുള്ള വിവിധ വാര്‍ത്തകള്‍ അയാളെ അസ്വസ്ഥപ്പെടുത്തി.

ഈ സന്ദര്‍ഭത്തില്‍ ചെറിയാച്ചന്‍ ഒരു മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുണ്ടായി. അവിടുന്ന് തിരിച്ചെത്തിയ ചെറിയാച്ചന് കാണേണ്ടിവന്നത്, ഗള്‍ഫിലേക്ക് ഒരു വിസ ലഭിക്കുമെന്ന മോഹത്തില്‍ ഒരു ചെറുപ്പക്കാരന് തന്‍റെ സഹോദരി സ്വന്തം ശരീരം കാഴ്ച വെക്കുന്ന രംഗമാണ്. പിന്നീട് സഹോദരി വീടുവിട്ടു പോകുന്നു. ചെറിയാച്ചന്‍ എല്ലാവരില്‍നിന്നും ഒറ്റപ്പെടുന്നു. വിഭ്രാന്തമായ ആ അവസ്ഥയില്‍ കഴിയവേ എല്ലാവരും പോലീസ്‌ ആയി അയാള്‍ക്ക്‌ തോന്നുകയാണ്.

ഭയം സഹിക്കവയ്യാതെ ചെറിയാച്ചന്‍ ഒരു തെങ്ങിന്‍റെ മുകളില്‍ കയറുകയും അതിന്‍റെ മുകളില്‍നിന്നും പിടിതെറ്റി താഴെ വീണ്, പോലീസ്‌ എന്ന മന്ത്രണത്തോടെ മരിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.

.....................................................................................................

ജോണ്‍ എബ്രഹാമിന്‍റെ പ്രശസ്തമായ ഈ സിനിമയില്‍ അടൂര്‍ ഭാസിയാണ് ചെറിയാച്ചനായി വേഷമിട്ടത്.

.....................................................................................................

ഏട് 1988 ഒക്ടോബര്‍ / ജോണ്‍ അനുസ്മരണപ്പതിപ്പ് ( തയാറാക്കിയത് എസ്കെ )

6/9/09

എബ്രഹാം നിനക്കായ്

സുരേഷ്

എബ്രഹാം,
പുല്ലുകള്‍കൊണ്ട് നീ മേഞ്ഞ വീടിന്‍റെ
മുള്ളുകള്‍കൊണ്ടുള്ള വാതായാനത്തിലൂടെ
ബോധത്തിന്‍റെ വിലക്കുകളില്‍നിന്ന്
അബോധത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്ക്
ഞാന്‍ ഉണര്‍ന്നിറങ്ങുമ്പോള്‍
നിന്‍റെ പുഞ്ചിരി മാത്രമായിരുന്നു
എന്‍റെ ശക്തി.

മരണത്തിന്‍റെ മൂന്നാംനാള്‍ ആഘോഷിക്കുവാന്‍
കല്ലറവാതില്‍ താനേ തുറന്നു.
മൌനത്തിന്‍റെ തകര്‍ന്ന ധൂപക്കുറ്റിയില്‍നിന്നും
കുന്തിരിക്കത്തിന്‍റെ ഒരുപിടി ചാരവുമായി
ഒറ്റുകാരുടെയും ദല്ലാളന്‍മാരുടെയും ഈ നഗരത്തിലേക്ക്
നീ നടന്നുവരുന്നതും കണ്ടു.

ആകാശത്തിലെ വെള്ളിമീന്‍ പോലെ
മാലാകമാരുടെ കീറിയ ചിറകില്‍
നിന്‍റെ കൃഷ്ണമണികള്‍ മിന്നിതിളങ്ങുന്നതും
മദം പൊട്ടിയ ആനകള്‍ പാപ്പാന്മാരുടെ മുമ്പില്‍
ഓശാന പാടിയതും
അത്ഭുതാദരങ്ങളോടെ ഞാന്‍ നോക്കിനിന്നു.
നീ അണിഞ്ഞ കിന്നരിവെച്ച കിരീടവും
അതിന്നുള്ളിലെ പാറിപ്പറക്കുന്ന നീണ്ട മുടിയും
അഴുക്കുവസ്ത്രത്തില്‍ വാര്‍ന്നു വീണ
തിരുമുറിവുകളിലെ നിണവും
അലസമായ നിന്‍റെ നടത്തവും
കണ്ടുവന്ന പുരുഷാരം
ഒരു സ്വപ്നാടനത്തില്‍
സ്വന്തം മുഖം‌മൂടികള്‍ വലിച്ചെറിഞ്ഞു.

പിന്നീട്, ആകാശം ചുവക്കുകയും
പുഷ്പങ്ങള്‍ വിടരുകയും
പുരുഷാരം ഒരു ചങ്ങല പോലെ
നിന്നെ അനുഗമിക്കുകയും ചെയ്തപ്പോള്‍
ഒരു നക്ഷത്രപ്പകര്‍ച്ചയ്ക്കും
വെള്ളിടിക്കും ശേഷം
എബ്രഹാം,
നീ ഒന്നുമേ മിണ്ടാതെ
നിന്‍റെ ചിത നോക്കി നടന്നകന്നല്ലോ?
..................................................................
സുരേഷ്
( ഏട്, ജോണ്‍ അനുസ്മരണ പതിപ്പ് / 1988 ഒക്ടോബര്‍ )